തിരുവനന്തപുരം: റേഷൻ വിതരണം തുടർച്ചയായി തടസ്സപ്പെട്ട സാഹചര്യത്തിൽ മുൻഗണന കാർഡുടമകളുടെ ആധാർ മസ്റ്ററിങ് (ഇ-കെ.വൈ.സി അപ്ഡേഷൻ) മാർച്ച് 10 വരെ നിർത്തിവെച്ചു. ഇതിന് മുമ്പ് സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് മസ്റ്ററിങ് സുഗമമാക്കുകയാണ് ലക്ഷ്യം.
മസ്റ്ററിങ്ങിനായി മാർച്ച് 15, 16, 17 തീയതികളിൽ റേഷൻ കടകൾക്ക് സമീപം പൊതുയിടങ്ങളിൽ സൗകര്യമൊരുക്കും. സ്കൂളുകൾ, അംഗൻവാടികൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവയെയാണ് പരിഗണിക്കുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ ദിവസങ്ങളിൽ റേഷൻ വിതരണം ഉണ്ടായിരിക്കില്ല.
ഭക്ഷ്യധാന്യ വിതരണത്തിനൊപ്പം മസ്റ്ററിങ് കൂടി റേഷൻ കടകളിൽ നടന്നതോടെ ഇ-പോസ് മെഷീൻ പ്രവർത്തിക്കാത്ത സാഹചര്യമുണ്ടായി. തുടർന്ന് എൻ.ഐ.സി, ഐ.ടി മിഷന്, ബി.എസ്.എൻ.എല്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേർന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മസ്റ്ററിങ് പത്തുവരെ നിര്‍ത്തിയത്.
കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ തുടർച്ചയായ ആവശ്യത്തെതുടർന്നാണ് മുന്‍ഗണന കാര്‍ഡുകളുടെ മസ്റ്ററിങ് ആരംഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെ 13,92,423 പേരുടെ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ഒരേസമയം മസ്റ്ററിങ്ങും റേഷന്‍ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലിയും ഭാഗികമായി തടസ്സപ്പെടാന്‍ ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഫെബ്രുവരിയിലെ റേഷന്‍ വിതരണം ഒരു ദിവസം നീട്ടി നല്‍കേണ്ടി വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.