തൃശൂർ: ഭക്ഷ്യഭദ്രതാ നിയമത്തിൽ മുൻഗണന പട്ടികയിൽ കടന്നുകൂടിയ അനർഹരെ കണ്ടെത്തി പുറത്താക്കുന്ന നടപടിക്ക് സർക്കാർ വിലക്ക്. പരിശോധനയിൽ പിടിക്കപ്പെടുന്ന അനർഹരുടെ റേഷൻവിഹിതം കുറക്കേണ്ടതില്ലെന്നും അവർക്ക് സൗജന്യനിരക്കിൽ ഭക്ഷ്യധാന്യം തുടർന്നും നൽകണമെന്നുമുള്ള വിചിത്ര നിർദേശമാണ് പൊതുവിതരണ വകുപ്പ് നൽകിയത്.
റേഷൻ ഗുണഭോക്താക്കളിൽ അനർഹർ കടന്നുകൂടിയിട്ടുണ്ടെങ്കിൽ പരാതി നൽകണമെന്ന് ജനത്തോടും റേഷൻ കടക്കാരോടും ആവശ്യപ്പെട്ടത് ഇൗ വകുപ്പാണ്. 14 ജില്ലകളിലും റേഷൻ കടക്കാരെ വിളിച്ചുവരുത്തിയ യോഗത്തിൽ വകുപ്പുമന്ത്രി പി. തിലോത്തമൻ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു.
ഇതിെൻറ അടിസ്ഥാനത്തിൽ ലഭിച്ച പരാതികളിൽ സംസ്ഥാനത്തെ വിവിധ താലൂക്കുകളിൽ ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തി അനർഹരെ മുൻഗണന പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ജില്ല ഓഫിസുകളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് ഇത്തരം നടപടികൾ വേണ്ടെന്ന് നിർദേശം നൽകിയത്. ആയിരക്കണക്കിന് അർഹർ പുറത്തായ പട്ടികയിൽനിന്ന് അനർഹരെ പുറത്താക്കുന്ന പ്രക്രിയ പുരോഗമിക്കവേയാണ് റേഷൻമാഫിയക്ക് അനുകൂല നിലപാടുമായി സർക്കാർ രംഗത്തുവന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കേണ്ടെന്ന കർശന നിർദേശമാണ് നൽകിയത്. സർക്കാർ നൽകുന്ന അപേക്ഷയിൽ ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയും ഓഫിസിൽ സൂക്ഷിക്കുകയുമാണ് വേണ്ടത്. അച്ചടി പുരോഗമിക്കുന്നതിനാൽ പിടിക്കപ്പെടുന്ന അനർഹർക്ക് മുൻഗണന വിഭാഗത്തിൽെപട്ട റേഷൻ കാർഡായിരിക്കും ലഭ്യമാവുക. മുൻഗണന പട്ടികയിൽ ഉൾപ്പെട്ട ഇത്തരക്കാരുടെ കാർഡുകൾ അവർക്ക് നൽകാനും പാടില്ല.
എന്നാൽ, ഇങ്ങനെ പിടിക്കപ്പെടുന്നവർക്ക് അനുവദിച്ച അരിയടക്കം കൃത്യമായി നൽകണമെന്ന് വ്യക്തമാക്കുന്നുണ്ട്. എപ്രിൽ മുതലാണ് കേരളത്തിൽ ഭക്ഷ്യഭദ്രതാ നിയമം പൂർണമായും പ്രാബല്യത്തിലാകുന്നത്. അതിനുമുമ്പേ കൃത്യമായ നടപടികൾ സ്വീകരിച്ചാൽ പട്ടിക പൂർണമായും ശുദ്ധീകരിക്കാൻ സർക്കാറിനാവും. ഇതിന് തയാറാകാതെ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ് സർക്കാർ. 1000 സ്ക്വയർ ഫീറ്റിൽ അധികം വീട്, ഒരു ഏക്കറിൽ അധികം സ്ഥലം, കേന്ദ്ര^സംസ്ഥാന സർക്കാർ ജോലി, പെൻഷൻ, നാലുചക്രവാഹനം എന്നിവ ഉള്ളവർ മുൻഗണന പട്ടികയുടെ പടിക്കുപുറത്താകണമെന്നാണ് കേന്ദ്രസർക്കാർ മാനദണ്ഡം.
സംസ്ഥാനത്തെ വിവിധ താലൂക്കുകളിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിന് ആളുകളാണ് മുൻഗണന പട്ടികയിലുള്ളത്. ഇവരിൽ 90 ശതമാനവും റേഷൻ അരിയടക്കം വാങ്ങാത്തവരാണ്. ബയോമെട്രിക് രേഖകളും പോയൻറ് മെഷീനുമടക്കം സ്ഥാപിക്കുന്നതിന് ഇതുവരെ ഒന്നും ചെയ്യാത്ത സാഹചര്യത്തിൽ ഇത്തരക്കാരുടെ അരി കരിഞ്ചന്തയിൽ എത്തുമെന്നതിൽ തർക്കമില്ല.
മാത്രമല്ല വിതരണത്തിന് കമ്പ്യൂട്ടർവത്കരണം വേണമെന്ന കേന്ദ്രത്തിെൻറ നിർദേശവും സർക്കാർ നിരാകരിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് റേഷൻ മാഫിയക്ക് അനുകൂലമായ ഈ ഉത്തരവ് രേഖാമൂലം നൽകാതെ ജില്ല സപ്ലൈസ് ഒാഫിസുകളിൽ നടന്ന യോഗത്തിൽ വാക്കാൽ നടപ്പാക്കാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.