കോഴിക്കോട്: മണ്ണെണ്ണ വിൽപനയിൽ വൻ സാമ്പത്തിക നഷ്ടം വരുന്നതിനാൽ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ. ഏപ്രിൽ മുതൽ റേഷൻ മണ്ണെണ്ണയുടെ അലോട്ട്മെന്റ് 50 ശതമാനത്തോളം കേന്ദ്രം വെട്ടി കുറച്ചിരുന്നു. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് മാത്രമാണ് ഇനിമുതൽ മണ്ണെണ്ണ ലഭിക്കുക. ഇത് 38 ശതമാനം മാത്രമാണ്.
സംസ്ഥാനത്ത് ശരാശരി ഓരോ റേഷൻ കടയിലും ഇത്തരത്തിലുള്ള 200ൽ താഴെ കാർഡുകൾ മാത്രമാണുള്ളത്. ഇപ്പോൾ 80 രൂപക്ക് മുകളിൽ വിലവരുന്ന ഒരു ലിറ്റർ മണ്ണെണ്ണ വിൽപന നടത്തുന്നതിന് മൂന്ന് രൂപ എഴുപത് പൈസയാണ് കമീഷനായി ലഭിക്കുക. അങ്ങനെയെങ്കിൽ ശരാശരി 370 രൂപ മാത്രമാണ് കമീഷൻ ഇനത്തിൽ ഒരു മാസം ലഭിക്കുക.
ഇത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് റേഷൻ വ്യാപാരികളുടെ വാദം.
മണ്ണെണ്ണയുടെ ലൈസൻസ് ഫീസായി 315 രൂപ പ്രതിവർഷം സർക്കാറിലേക്ക് അടക്കണം. പല താലൂക്കുകളിലും മണ്ണെണ്ണയുടെ ഹോൾസെയിൽ ഡിപ്പോകൾ പ്രവർത്തിക്കാത്തതിനാൽ തൊട്ടടുത്ത താലൂക്കിലെ മൊത്തവ്യാപാരികളിൽ നിന്നാണ് സ്റ്റോക്കെടുക്കുന്നത്. പലപ്പോഴും ഇങ്ങനെ 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുകൊണ്ട് വാടക ഇനത്തിൽ മാത്രം വലിയ സംഖ്യ നൽകേണ്ടി വരുന്നു. മണ്ണെണ്ണ, പെട്രോളിയം വിഭാഗത്തിൽ ഉൾപ്പെടുന്ന ഉൽപന്നമായതിനാൽ ടാങ്കർ ലോറി പോലുള്ള വാഹനത്തിൽ സുരക്ഷയോടെ കടകളിൽ എത്തിക്കണമെന്ന നിയമ വ്യവസ്ഥയുണ്ട്. അതുകൊണ്ട് ചെറുകിട വാഹനങ്ങളിൽ മണ്ണെണ്ണ സ്റ്റോക്കെത്തിക്കാനാവില്ല. ഇതെല്ലാം വലിയ നഷ്ടമാണ് വ്യാപാരികൾക്ക് വരുത്തിവെക്കുന്നത്.
മണ്ണെണ്ണ വിതരണം മൂന്ന് മാസമായി ദീർഘിപ്പിച്ചത് കൊണ്ട് മണ്ണെണ്ണയുടെ ബാഷ്പീകരണ തോത് കൂടുതലാണ്. വിതരണ വേളയിൽ ഉണ്ടാവുന്ന ലീക്കേജും പരിഗണിക്കണം.
അതിനാൽ നാല് ശതമാനം ഷോർട്ടേജ് അനുവദിക്കണമെന്നും വാതിൽപടി വിതരണം എണ്ണക്കമ്പനികളെ എൽപിക്കണമെന്നും ലൈസൻസ് ഫീസ് പൂർണമായും ഉപേക്ഷിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.