തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഭക്ഷ്യ-ധനമന്ത്രിമാർ വിളിച്ച ചർച്ച പരാജയം. നിയമസഭ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിനുപോലും അനുകൂല മറുപടി ഉണ്ടാകാത്ത സാഹചര്യത്തിൽ ജൂലൈ 8,9 തീയതികളിൽ നിശ്ചയിച്ച 48 മണിക്കൂർ കടയടപ്പ് സമരവുമായി മുന്നോട്ടുപോകാൻ റേഷൻ ഡീലേഴ്സ് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കണമെന്നും കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകം പരിഹരിക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. ഇത് പഠിക്കാൻ മാസങ്ങൾക്ക് മുമ്പ് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥതല കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സംഘം ജൂൺ 10ന് റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചെങ്കിലും വിവരങ്ങൾ പുറത്തുവിടാൻ ഭക്ഷ്യമന്ത്രി തയാറായില്ല.
റിപ്പോർട്ടിന്റെ സംക്ഷിപ്തരൂപം ജൂലൈ 10ന് പൊതുവിതരണവകുപ്പ് കമീഷണർ ഭക്ഷ്യവകുപ്പിന് കൈമാറുമെന്നും അതിനുശേഷം ചർച്ചചെയ്യാമെന്നുമാണ് യോഗത്തിലറിയിച്ചത്. റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്കരണത്തിന് മുൻഗണനേതര കാർഡുകാരിൽനിന്ന് ഒരുരൂപ വീതം മാസം പിരിക്കാൻ ഭക്ഷ്യവകുപ്പ് തത്വത്തിൽ തീരുമാനിച്ചെങ്കിലും മുന്നണിയുടെ രാഷ്ട്രീയ തീരുമാനം ഉണ്ടെങ്കിലേ നടപ്പാകൂവെന്ന് ധനമന്ത്രി അറിയിച്ചു.
കോവിഡ് കാലത്ത് വിതരണംചെയ്ത ഭക്ഷ്യകിറ്റ് കമീഷൻ നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ച സാഹചര്യത്തിൽ തുക ഗഡുക്കളായി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
ഏത് മാസം മുതൽ, ഏത്ര ഗഡുക്കളായി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ പറയാനാകില്ലെന്നാണ് ധനമന്ത്രി അറിയിച്ചത്. ഇതോടെ ചർച്ച അലസി. സംഘടനകളെ പ്രതിനിധീകരിച്ച് ജോണി നെല്ലൂർ, ജി കൃഷ്ണപ്രസാദ്, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, കെ.ബി. ബിജു, സുരേഷ് കാരേറ്റ്, എൻ. മുഹമ്മദലി, പി.ജെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.