കൊച്ചി: കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രധാന പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ അവസാനിച്ചതിനെത്തുടർന്നാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി ഈ മാസം 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. പ്രതിയെ എ.ടി.എസ് സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ രവി പൂജാരിയിൽനിന്ന് ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് അധികൃതർ പറയുന്നത്. കസ്റ്റഡിയിൽ രവി പൂജാരി കുറ്റം സമ്മതിച്ചതായാണ് സൂചന. രവി പൂജാരിയുടെ ശബ്ദം ലീന മരിയ പോളും ചാനൽ റിപ്പോർട്ടറും തിരിച്ചറിഞ്ഞിട്ടുണ്ട്. ചാനൽ റിപ്പോർട്ടർ നേരിട്ടും ലീന മരിയ ഓൺലൈൻ വഴിയുമാണ് ക്രൈംബ്രാഞ്ച് മുമ്പാകെ മൊഴി നൽകിയത്.
2018 ഡിസംബർ 15നാണ് നടി ലീനയുടെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിൽ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായാണ് രവി പൂജാരിക്കെതിരായ ആരോപണം. മൂന്നാം പ്രതിയാണ് ഇയാൾ. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കാസർകോട്ടെ മറ്റൊരു കേസിൽകൂടി രവി പൂജാരിയെ കസ്റ്റഡിയിൽ വാങ്ങിയേക്കും. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാവാനുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. രവി പൂജാരി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഏതാനും ഗുണ്ടസംഘങ്ങളും ക്രൈംബ്രാഞ്ചിെൻറ നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.