കൊച്ചി: ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെറ്റിദ്ധാരണകളാണ് പരക്കുന്നതെന്ന് കേന്ദ്ര ഐ.ടി, നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ഭക്ഷണത്തിന് നിയന്ത്രണം വരുത്തിയിട്ടില്ല. കാലിച്ചന്തകളിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കശാപ്പിനുള്ള വിൽപനക്കാണ് നിരോധനമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ സംവിധാനം ശക്തിപ്പെടുത്താൻ മറ്റ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതുന്ന പിണറായി വിജയൻ സ്വന്തം നാട്ടിൽ ബി.ജെ.പി പ്രവർത്തകർക്ക് പ്രവർത്തനസ്വാതന്ത്ര്യം നൽകുന്നില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ബീഫ് വിഷയത്തിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന കേരള മുഖ്യമന്ത്രി സംസ്ഥാനത്തെ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ ആക്രമിക്കപ്പെടുന്നത് ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തികരംഗം ഭദ്രമാണ്. ഏഴുവർഷത്തിനുള്ളിൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ 600 ലക്ഷം കോടിയിലെത്തും. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന നൂതന പദ്ധതികളാണ് ഇന്ത്യ ആവിഷ്കരിക്കുന്നത്. താഴേത്തട്ടിൽ ഉള്ളവരെകൂടി ഡിജിറ്റൽ പദ്ധതിയിലൂടെ കൊണ്ടുവരാനാണിത്. കൊച്ചിയിൽ 35,000 ചതുരശ്രയടിയിൽ ഐ.ടി വ്യവസായത്തിന് ഇൻകുബേഷൻ സൗകര്യവും ഇലക്േട്രാണിക് വ്യവസായങ്ങൾക്ക് ഇലക്േട്രാണിക്സ് ക്ലസ്റ്ററും സ്ഥാപിക്കും. ഇലക്േട്രാണിക്സ് ക്ലസ്റ്ററിന് 50 കോടി കേന്ദ്രസർക്കാർ നൽകും. ലോകം മുഴുവനും ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കുകയാണ്. ഭീം ആധാർ പദ്ധതി വഴി പണമിടപാടുകൾ കൂടുതൽ ഡിജിറ്റലാകാനും സാധിക്കും. നിലവിൽ 43 കോടി ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
ആധാർ വിവരങ്ങൾ സുരക്ഷിതമാണ്. വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ ചുമത്താൻ സൈബർ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.