കോട്ടയം: 75 വർഷം, ആയുസ്സിന്റെ മുക്കാൽ പങ്കും സർക്കസ് കൂടാരങ്ങളിൽ ജീവിതം തളച്ചിട്ട കലാകാരൻ. സർക്കസിന്റെ പ്രതാപ കാലവും വീഴ്ചയും നേരിൽ കണ്ടറിഞ്ഞ മനുഷ്യൻ. കാണികളും കൈയടിയുമില്ലാതെ തമ്പുകൾ ശോഷിക്കുമ്പോഴും സർക്കസിനെ ജീവനായി കൊണ്ടുനടക്കുന്ന ആയിരങ്ങളിലൊരുവൻ.
13ാംവയസിൽ സർക്കസിനൊപ്പം തുടങ്ങിയ പ്രയാണം 87ലും ലഹരിയോടെ തുടരുകയാണ് ഇ. രവീന്ദ്രൻ പനങ്കാവ് എന്ന പരിശീലകൻ രവി ഉസ്താദ്. സർക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയിലായിരുന്നു ജനനം. പഠിക്കാൻ വലിയ താൽപര്യം ഇല്ലായിരുന്നു. ഏഴാംക്ലാസിലെ മാർച്ച് പരീക്ഷ എഴുതിക്കഴിഞ്ഞ ഉടൻ രവീന്ദ്രനുമായി പിതാവ് നേരെ പോയത് തലശ്ശേരിക്കാരനായ സി. അമ്പുവിന്റെ ഗ്രാൻഡ് ഫെയറി സർക്കസിലേക്കായിരുന്നു. അന്ന് യുവാക്കളെല്ലാം സർക്കസിൽ ചേരുന്നത് പതിവായിരുന്നു. സർക്കാർ ജോലിക്കാരെക്കാൾ ഗമയായിരുന്നു സർക്കസ് താരങ്ങൾക്ക്.
ശാരീരികാഭ്യാസങ്ങളായിരുന്നു അന്നത്തെ പ്രധാന ഇനങ്ങൾ. അഭ്യാസം പരിശീലിച്ച് മെയ് വഴങ്ങിയാലേ റിങ്ങിലിറക്കൂ. അഞ്ചുവർഷം അവിടെ തുടർന്നു. ഫ്ലൈയിങ് ട്രപ്പീസ്, ഫ്ലൈയിങ് കാച്ച്, കോമിക് ജഗ്ലിങ് എന്നിവയാണ് അധികവും ചെയ്തിരുന്നത്. തുടർന്ന് തലശ്ശേരിക്കാരുടെതന്നെ പ്രഭാത് സർക്കസിൽ മൂന്നുവർഷം.
അപ്പോഴേക്കും മികച്ച അഭ്യാസി ആയിരുന്നു. പരിശീലകന്റെ വേഷവും ഏറ്റെടുത്തു. പിന്നീട് വെസ്റ്റേൺ സർക്കസ്, ഇൻർനാഷനൽ സർക്കസ്, ഗ്രേറ്റ് റെയ്മൻ സർക്കസ്, ഭാരത് സർക്കസ് എന്നിവയുടെ ഭാഗമായ ശേഷമാണ് ജെമിനിയിലെത്തുന്നത്. 1966ൽ തൃശൂർ തേക്കിൻകാട് മൈതാനത്തുനടന്ന ജംബോ സർക്കസിനൊപ്പം ചേർന്നു. പിന്നീടിന്നുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. 35ാം വയസ്സിലായിരുന്നു വിവാഹം. രണ്ടു മക്കളുണ്ട്. പണ്ട് മലയാളികളായ യുവാക്കളാണ് സർക്കസ് അടക്കിവാണിരുന്നതെങ്കിൽ ഇന്ന് മലയാളികൾ മാനേജ്മെന്റ് തലത്തിലൊതുങ്ങി. റിങ്ങിലെ താരങ്ങൾ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. അവരാകട്ടെ അഞ്ചുവർഷത്തിൽ കൂടുതൽ ഒരു കമ്പനിയിൽ ഉണ്ടാവാറുമില്ല. ‘‘മൃഗങ്ങളെ നിരോധിച്ചതോടെയാണ് സർക്കസിന്റെ കഷ്ടകാലം തുടങ്ങിയത്.
സർക്കാറുകൾക്കും താൽപര്യമില്ല. അവശ കലാകാരൻമാർക്ക് നൽകുന്ന പെൻഷൻ മാത്രമാണ് സർക്കസ് താരങ്ങൾക്ക് ആകെ കിട്ടുന്നത്. കൊറിയ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സർക്കസ് ഇപ്പോഴും സജീവമാണ്. അവിടങ്ങളിൽ കലാകാരൻമാർക്ക് നൽകുന്ന പരിഗണനയാണ് സർക്കസ് താരങ്ങൾക്കും ലഭിക്കുന്നത്. ഇവിടെ അവഗണനയല്ലാതെ മറ്റൊന്നുമില്ല -രവി നിരാശയോടെ പറഞ്ഞു. കോട്ടയത്തെ സീസൺ കഴിഞ്ഞ് ചെന്നൈയിലെ തമ്പിലേക്ക് പോകാനൊരുങ്ങുകയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.