പുതിയ ഡി.സി.സി പട്ടികക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനവുമായി ആർ.സി ബ്രിഗേഡ്

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ കലാപം നടത്താൻ കോൺഗ്രസിന്‍റെ അണിയറയിൽ നീക്കം നടന്നുണ്ടെന്ന് സൂചന. ആർ.സി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപിലൂടെയാണ് പ്രതിഷേധത്തിന് ആഹ്വാനം നടത്തുന്നത്. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന ഗ്രൂപാണ് ആർ. സി ബ്രിഗേഡ് എന്നും വാട്സ്ആപ്പ് ചർച്ചകളുടെ വിശദാംശങ്ങൾ ലഭിച്ചതായും മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തു.

'ഡി.സി.സി പ്രസിഡന്‍റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആർ.സിയും ഒ.സിയും അല്ലായെന്നും തെളിയിക്കണം' എന്നെല്ലാമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ച.

കെ.പി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി ഭാരവാഹികൾ, പ്രതിപക്ഷ നേതാവ് എന്നിവർ ചേർന്ന് തയാറാക്കിയ ഡി.സി.സി അധ്യക്ഷന്മാരുടെ ലിസ്റ്റ് നേരത്തേ ഹൈക്കമാൻഡിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യം തങ്ങളോട് കൂടിയാലോചിച്ചില്ലെന്നും ഇതിൽ അതൃപ്തിയുണ്ടെന്നും വ്യക്തമാക്കി രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും രംഗത്തെത്തിയിരുന്നു. തർക്കം തുടരുന്നതിനിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഡൽഹിക്ക് പോകും. ഡി.സി.സി അധ്യക്ഷന്മാരുടെ കാര്യത്തിൽ അന്തിമ ധാരണ രൂപീകരിക്കാനാണ് കെ. സുധാകരന്‍റെ യാത്ര.

ഇതിനിടയിൽ മുതിർന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനാലാണ് പ്രഖ്യാപനം വൈകുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കളുമായി ഇനി ചര്‍ച്ച നടത്തിയാൽ പ്രഖ്യാപനം വീണ്ടും വൈകുമെന്നാണ് പ്രതിപക്ഷ നേതാവിന്‍റേയും കെ.പി.സി.സി. പ്രസിഡന്‍റിന്‍റെയും അഭിപ്രായം. ഇതിനിടയില്‍ തിരുവനന്തപുരത്ത് ശശി തരൂരിനും കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷിനുമെതിരെ ഡി.സി.സികള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 

Tags:    
News Summary - RC Brigade calls for protest against new DCC list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.