തലശ്ശേരി: എസ്.എഫ്.ഐക്ക് ആത്മാർഥമായ സ്വയംവിമർശനം വേണമെന്ന് എഴുത്തുകാരൻ ബെന്യാമിൻ. എസ്.എഫ്.ഐ കണ്ണൂർ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ബെന്യാമിന്റെ വാക്കുകൾ. വിവാദങ്ങളിൽപ്പെടുന്ന അംഗങ്ങൾ എസ്.എഫ്.ഐയുടെ അംഗത്വത്തിലേക്കും ഭാരവാഹിത്വത്തിലേക്കും കടന്നു വരുന്നത് എങ്ങനെയെന്ന് ആത്മ വിമർശനം നടത്തണം. കാമ്പസിനകത്തേക്ക് ജാതി വർഗീയ സംഘടനകളുടെ കടന്ന് വരവിനെ തടയുന്നതിൽ എസ്.എഫ്.ഐ എല്ലാ കാലത്തും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.
പെയ്ഡ് ന്യൂസും വ്യാജ വാർത്തയും കൊണ്ട് സമൂഹ മാധ്യമങ്ങൾ വഴി പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാൻ വളരെയധികം ശ്രമങ്ങൾ നടക്കുന്ന കാലമാണിത്. അവർ അനുനിമിഷം എസ്.എഫ്.ഐയുടെ പ്രവർത്തനങ്ങളെ ഇഴകീറി പരിശോധിക്കുകയാണ്. അതിനാൽ ആത്മാർഥമായ സ്വയംവിമർശനവും വേണം -ബെന്യാമിൻ പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പിലും ജയിച്ചില്ലെങ്കിലും പഴയകാലത്തെ എസ്.എഫ്.ഐ പ്രവർത്തകർക്ക് കലാലയം നൽകിയിരുന്ന സ്വീകാര്യത വലുതായിരുന്നു. ഇന്ന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര എസ്.എഫ്.ഐ പ്രവർത്തകർ കാംപസുകളിലുണ്ടെന്ന് ആത്മപരിശോധന നടത്തണം -അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് വിഷ്ണു പ്രസാദ് പതാക ഉയർത്തി. സ്വാഗത ഗാനത്തോടെയാണ് രണ്ടു ദിവസത്തെ സമ്മേളനം ആരംഭിച്ചത്. ശരത് രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും ടി.പി. അഖില അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.വി. റോഷന്റെ അമ്മ നാരായണി, ധീരജ് രാജേന്ദ്രന്റെ മാതാപിതാക്കളായ രാജേന്ദ്രൻ - പുഷ്പകല എന്നിവരും പങ്കെടുത്തു. സി.വി. വിഷ്ണു പ്രസാദ് അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. ശശിധരൻ സ്വാഗതം പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ, ഇ. അഫ്സൽ, വി. വിചിത്ര, വൈഷ്ണവ് മഹേന്ദ്രൻ, മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി വി.കെ. ശ്യാമള, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.