നാട്ടുകാരോട് പറഞ്ഞത് ശ്രീമഹേഷിനെയും വീട്ടുകാരെയും പൂട്ടിയിട്ട ശേഷം വിദ്യ ജീവനൊടുക്കിയെന്ന്; നക്ഷത്രയുടെ മാതാവിന്റെ മരണത്തിൽ പുനരന്വേഷണം തുടങ്ങി

മാവേലിക്കര: പിതാവിന്‍റെ വെട്ടേറ്റ്​ അതിദാരുണമായി കൊല്ലപ്പെട്ട ആറു വയസ്സുകാരി നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണത്തെപ്പറ്റി പൊലീസ് പുനരന്വേഷണം തുടങ്ങി. 2019 ജൂൺ നാലിനാണ് പുന്നമൂട് ആനക്കൂട്ടിൽ വീട്ടിലെ മുറിയിൽ വിദ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയാണെന്നായിരുന്നു നിഗമനം.

പിതാവ് ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതിന്​ പിന്നാലെ, വിദ്യയും കൊല്ലപ്പെട്ടതാണെന്ന സംശയം ഉന്നയിച്ച് വിദ്യയുടെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് പുനരന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.

ഭർത്താവ് ശ്രീമഹേഷിനെയും വീട്ടുകാരെയും ഒരു മുറിയിലാക്കി വെളിയിൽനിന്ന്​ കതക്‌ കുറ്റിയിട്ടശേഷം വിദ്യ ആത്മഹത്യ ചെയ്തെന്നാണ്​ നാട്ടുകാരോട് പറഞ്ഞത്. പരാതി ഇല്ലാത്തതിനാൽ അന്വേഷണത്തിൽ തുടർനടപടി ഉണ്ടായില്ല. വിദ്യയുടെ മരണത്തിലേക്ക്​ നയിച്ച കാരണങ്ങളാണ്​ പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. വിദ്യയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്‍റെ ഫയലുകൾ പൊലീസ് ശേഖരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറോടും വീണ്ടും വിവരങ്ങൾ അന്വേഷിക്കും. അന്ന്​ കേസിൽ മൊഴി നൽകിയവരുടെ മൊഴി വീണ്ടും ശേഖരിക്കും. കഴുത്തിലും കൈയിലും മുറിവുണ്ടാക്കി ആത്മഹത്യക്ക്​ ശ്രമിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെല്ലിൽ ചികിത്സയിലുള്ള ശ്രീമഹേഷിന്‍റെ ആരോഗ്യനില ത‍ൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കഴുത്തിലെ തുന്നൽ എടുത്തശേഷം ജയിലിലേക്ക്​ തിരികെ എത്തിക്കുമെന്നാണ്​ വിവരം. ജയിലിലേക്ക്​ മാറ്റിയശേഷം ശ്രീമഹേഷിനെ അവിടെയെത്തി ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി വാങ്ങാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

Tags:    
News Summary - Re-investigation begins in Nakshatra's mothers death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.