കോട്ടയം: റവന്യൂ വകുപ്പിെൻറ റീസർവേ നടന്നപ്പോൾ പുരയിടങ്ങൾ തോട്ടമായതിനെ തുടർന ്ന് നാൽപതിനായിരത്തോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ. പാലാ, കാഞ്ഞിരപ്പള് ളി താലൂക്കുകളിലെ 12 വില്ലേജുകളിൽപെട്ട കർഷക കുടും ബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരുടെ ഭൂമിയുടെ അടി സ്ഥാന റവന്യൂ രേഖയായ ബി.ടി.ആറിൽ പുരയിടത്തിനു പകരം തോട്ടമെന്നാണ് റീസർവേക്കുശേഷം രേഖപ്പെടുത്തിയത്. രണ്ടും മൂന്നും സെൻറ് ഭൂമി മാത്രമുള്ളവർ പോലും ഇങ്ങനെ തോട്ടമുടമകളുടെ പട്ടികയിൽപെട്ടതായാണ് പരാതി.
മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ, മീനച്ചിൽ, ഭരണങ്ങാനം, ഈരാറ്റുപേട്ട, പൂഞ്ഞാർ, തലപ്പലം, ളാലം എന്നീ വില്ലേജുകളിലും കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, ഇടക്കുന്നം, കൂവപ്പള്ളി, എരുമേലി, കാഞ്ഞിരപ്പള്ളി എന്നീ വില്ലേജുകളിലുമാണ് പ്രശ്നം ബാധിച്ചിരിക്കുന്നത്. റവന്യൂ രേഖയിലും സെറ്റിൽമെൻറ് രേഖയിലും പുരയിടമായോ നിലമായോ രേഖപ്പെടുത്തിയിരുന്ന വസ്തുക്കൾ റീസർവേയിൽ തോട്ടമായി മാറ്റിയിരിക്കുകയാണ്. റബർ, തേയില, കാപ്പി തുടങ്ങിയവ വൻതോതിൽ കൃഷിചെയ്യുന്ന വിശാല ഭൂപ്രദേശത്തെയാണു തോട്ടമായി പരിഗണിക്കേണ്ടത്. ഇത്തരം തോട്ടങ്ങൾ മുറിച്ചുകൊടുക്കാൻ പാടില്ലെന്ന് കോടതിവിധിയുണ്ട്.
ഇതോടെ തുണ്ടുഭൂമിയുള്ളവർക്കു പോലും അതു വിൽക്കാൻ പറ്റാത്ത സാഹചര്യമാണ്. വസ്തു കൈമാറ്റം ചെയ്യാനോ ഭാഗഉടമ്പടി നടത്താനോ മക്കൾക്ക് ഇഷ്ടദാനം ചെയ്യാനോ മറിച്ചുവിൽക്കാനോ സാധിക്കുന്നില്ല. രണ്ടു സെൻറ് സ്ഥലമുള്ളവർക്ക് മുതൽ ഇത് ബാധകമാണെന്നാണ് വിരോധാഭാസം. പുതിയ വീടു നിർമാണത്തിനും പുനരുദ്ധാരണത്തിനും ആവശ്യമായ പെർമിറ്റ് പഞ്ചായത്തിൽനിന്ന് ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. വസ്തു പേരിൽകൂട്ടി എടുക്കുന്നതും തടസ്സപ്പെടുന്നുണ്ട്. രജിസ്ട്രേഷനും നടക്കുന്നില്ല. സർക്കാറിെൻറ ലൈഫ് ഭവന നിർമാണ ആനുകൂല്യവും ഇവർക്ക് ലഭിക്കില്ല. വായ്പ ആവശ്യത്തിന് ബാങ്കുകൾ ഇവരുടെ ഭൂമി ഈടു വസ്തുവായി എടുക്കില്ല.
പരിഹാരത്തിന് വില്ലേജ് ഓഫിസുകൾ, താലൂക്ക് ഓഫിസുകൾ, കലക്ടറേറ്റ് എന്നിവിടങ്ങളിൽ പരാതിക്കാർ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ, നിയമത്തിെൻറ നൂലാമാലകളുടെ പേരിൽ ഉദ്യോഗസ്ഥർ അനുകൂലനടപടിക്ക് തയാറാവുന്നില്ല. കഴിഞ്ഞ ദിവസം പാലായിൽ ഇൻഫാം നേതൃത്വത്തിൽ ചേർന്ന കർഷക സംഘടനകളുടെ നേതൃസമ്മേളനത്തിൽ പ്രശ്നപരിഹാരമുണ്ടാകുന്നിടം വരെ റവന്യൂ വകുപ്പിനെതിരെ സമരം നടത്താൻ തീരുമാനമെടുത്തിരിക്കുകയാണ്. സമരപരിപാടികളുടെ തുടക്കമായി ഈമാസം 18ന് ഉച്ചക്ക് രണ്ടിന് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ വിപുലമായ സമ്മേളനം നടത്തുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.