തിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിനായി നടപ്പാക്കിയ റീബില്‍ഡ് കേരള വന്‍ ധൂര്‍ത്തെന്നും ലോകബാങ്ക് നല്‍കിയ പണം പോലും ഇതിനായി ഉപയോഗിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. റീബിൽഡ് കേരളയിൽ 7,405 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെങ്കിലും നടപ്പാക്കിയത് വെറും 406 കോടിയുടേതാണ്.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയ 1000 കോടിയില്‍ ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. നവകേരള സൃഷ്ടിയെന്നത് ജനങ്ങളെ പറ്റിക്കാനുള്ള വാഗ്ദാനം മാത്രമായിരുന്നെന്നും പ്രതിപക്ഷനേതാവ് അടിയന്തരപ്രമേയനോട്ടീസ് പരിഗണിക്കുന്നതിനിടെ ആരോപിച്ചു.
2019 ആഗസ്റ്റില്‍ ലഭിച്ച ലോക ബാങ്കിെൻറ വികസനനയ വായ്പയുടെ ഒന്നാം ഗഡുവായ 1779.58 കോടി രൂപ ഇതുവരെ റീബില്‍ഡ് കേരളക്ക് നല്‍കിയിട്ടില്ല. ഓരോ വര്‍ഷവും ബജറ്റ് പ്രൊവിഷനായി 1000 കോടി രൂപ റീബില്‍ഡ് കേരളക്കായി വകയിരുത്തുമെങ്കിലും ഒന്നും ചെലവിടുന്നില്ല. ശമ്പളം, ഓഫിസ് കെട്ടിട വാടക, കണ്‍സള്‍ട്ടന്‍സി ഫീ തുടങ്ങിയ ഇനങ്ങള്‍ക്ക് മാത്രമാണ് തുക ഉപയോഗിക്കുന്നത്. ഓഫിസ് മോടിപിടിപ്പിക്കലിന് മാത്രം 50,90,363 രൂപ ചെലവഴിച്ചു.
രണ്ടുവര്‍ഷമായിട്ടും പുനര്‍നിര്‍മാണവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല. ഉരുള്‍പൊട്ടലില്‍ വീടും കൃഷിയിടവും നഷ്ടപ്പെട്ടവരെ ഓഡിറ്റോറിയങ്ങളിലും വാടകവീടുകളിലുമാണ് പാര്‍പ്പിച്ചത്. വാടക കൊടുക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇതില്‍ പലരും പെരുവഴിയിലാണ്. സാലറി ചലഞ്ച്, പ്രളയ സെസ് എന്നിവയിലൂടെ കോടികള്‍ ലഭിച്ചെങ്കിലും അതൊന്നും പുനര്‍നിര്‍മാണത്തിന് വിനിയോഗിച്ചില്ല.
സര്‍ക്കാറിന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് പണം തടസ്സമല്ല. ദുരന്തത്തിൽപെട്ടവരെ സഹായിക്കാനാണ് ലോകത്തെല്ലാമുള്ള മലയാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നല്‍കിയത്. 5000 കോടി രൂപ വരെ പിരിഞ്ഞുകിട്ടി. എന്നിട്ടും ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ല.
ദുരന്തത്തിൽപെട്ട 62 കുടുംബങ്ങള്‍ ഇപ്പോഴും അപകടമേഖലയിലാണ്. അവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാണ് ഒരു സര്‍ക്കാറെന്ന് സതീശന്‍ ചോദിച്ചു. ഉരുള്‍പൊട്ടലില്‍ വന്നടിഞ്ഞ മണ്ണുപോലും ഈ പ്രദേശങ്ങളില്‍നിന്ന് മാറ്റിയിട്ടില്ല. നിലമ്പൂരില്‍ എം.എൽ.എയും കലക്ടറും തമ്മിലെ തര്‍ക്കത്തെതുടര്‍ന്ന് ദുരന്തത്തിൽപെട്ടവര്‍ക്ക് സഹായം ലഭിക്കാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ പാവങ്ങളെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.