തിരുവനന്തപുരം: കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി ആഭ്യന്തരവകുപ്പ്. ട്രാൻസ്‍ജെന്‍ഡേഴ്സിന് സർക്കാർ ജോലികളിൽ പ്രാതിനിധ്യം നൽകുന്നതിന്‍റെ ഭാഗമായി വനിത- ശിശുക്ഷേമ വകുപ്പ് മറ്റു വകുപ്പുകളോടെല്ലാം അഭിപ്രായം തേടിയിരുന്നു. ആഭ്യന്തരവകുപ്പിലെത്തിയ അപേക്ഷയിൽ പഠിച്ച് റിപ്പോർട്ട് നൽകാനാണ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ബറ്റാലിയൻ എ.ഡി.ജി.പി എന്നിവരോടാണ് ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടിയത്.
ഏതുവിഭാഗത്തിൽ എത്തരം ജോലികൾ ട്രാൻസ്ജെൻഡേഴ്സിന് നൽകാനാകുമെന്നതാണ് പരിശോധിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പ്രാഥമിക ചർച്ചകൾ മാത്രമാണ് തുടങ്ങിയതെന്നും ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഔദ്യോഗികമായി സർക്കാർ നിർദേശമൊന്നും ലഭിക്കാത്തതിനാൽ പരിശോധനകള്‍ ആരംഭിച്ചിട്ടില്ലെന്ന് പൊലീസ് ആസ്ഥാന വൃത്തങ്ങള്‍ വ്യക്തമാക്കി.
ട്രാൻസ്‍ജെന്‍ഡേഴ്സിനെ സേനയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്. കര്‍ണാടക പൊലീസിലേക്ക് ട്രാൻസ്‍ജെന്‍ഡേഴ്സിനെ ക്ഷണിച്ചുള്ള പരസ്യം പ്രധാന പത്രങ്ങളില്‍ രണ്ടാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. എസ്.ഐ, റിസര്‍വ്ഡ് ബറ്റാലിയന്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 22 അപേക്ഷ ലഭിച്ചു. തമിഴ് നാട്ടില്‍ ഒരു എസ്.ഐ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നുണ്ട്. ഛത്തിസ് ഗഢില്‍ 13 ട്രാൻസ്‍ജെന്‍ഡേഴ്സിനെ കോണ്‍സ്റ്റബിള്‍മാരായി തെരഞ്ഞെടുത്തിരുന്നു. അതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോൾ കേരളവും നീക്കം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.