അതിതീവ്ര മഴ​; ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു: മലയോരപ്രദേശങ്ങളിലെ രാത്രികാല യാത്രകള്‍ നിരോധിച്ചു

​തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോരപ്രദേശങ്ങളിലെ രാത്രികാല യാത്രകള്‍ ഇനിയൊരുത്തരവുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.

ജില്ലയില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായി. കൂടാതെ ജില്ലയില്‍ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

ഇത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ്, വനം, ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദ്ദേശംനൽകി. അപകട സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്​. തോട്ടം മേഖലയില്‍ മരം മറിഞ്ഞ് വീണും, മണ്ണിടിഞ്ഞും മറ്റും അപകട സാധ്യത നിലനില്‍ക്കുന്നതിനാലും ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് എന്നിവയ്ക്ക് സാധത ഉള്ളതിനാലും ഈ മേഖലകളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ റെഡ് അലർട്ട്​ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ അലർട്ടുകള്‍ പിന്‍വലിക്കുന്നതുവരെ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരകേണ്ടതും, ആസ്ഥാനം വിട്ട് പോകാന്‍ പാടില്ലാത്തതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താലൂക്ക് തലത്തില്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

  • തൊടുപുഴ താലൂക്ക് - ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ഇടുക്കി
  • ഇടുക്കി താലൂക്ക് - റവന്യു ഡിവിഷണല്‍ ഓഫീസര്‍, ഇടുക്കി
  • പീരുമേട് താലൂക്ക് - ACSO കുമളി
  • ദേവികുളം താലൂക്ക് - സബ് കളക്ടര്‍ ദേവികുളം
  •  ഉടുമ്പന്‍ചോല താലൂക്ക് - ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ആര്‍
Tags:    
News Summary - Red alert declared in Idukki district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.