ന്യൂഡൽഹി: ശബരിമലയിലേക്ക് റെയിൽ ഗതാഗതത്തിനായി മുന്നോട്ടുവെച്ച അങ്കമാലി-എരുമേലി പാത പദ്ധതി ഉപേക്ഷിക്കാൻ റെയിൽവേ. പകരം 75 കിലോമീറ്റർ ദൂരത്തിൽ ചെങ്ങന്നൂർ -പമ്പ പുതിയ പാതയുടെ സർവേ ഉടനെ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ പറഞ്ഞു. അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
3726.95 കോടിയുടെ എസ്റ്റിമേറ്റാണ് അങ്കമാലി -എരുമേലി പാത പദ്ധതിക്കായി കേരള റെയിൽ ഡെവലപ്മെൻറ് കോർപറേഷൻ തയാറാക്കിയിരുന്നത്. കഴിഞ്ഞ ഡിസംബറിൽ പദ്ധതിയിലെ സംസ്ഥാന വിഹിതമടക്കം വിഷയങ്ങളുൾപ്പെടുത്തി എസ്റ്റിമേറ്റ് പുതുക്കി സംസ്ഥാനത്തിന് നൽകിയിരുന്നുവെന്ന് ഇതേ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു. ഇതുവരെയും കേരള സർക്കാർ നിലപാട് അറിയിച്ചില്ല. കേരളത്തിന്റെ പൂർണമോ ഭാഗികമോ ആയ ഉത്തരവാദിത്തത്തിൽ വരുന്ന പ്രധാനപ്പെട്ട റെയിൽവേ വികസന പദ്ധതികൾ എല്ലാം തന്നെ ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ച കാലതാമസം നേരിടുകയാണ്. സംസ്ഥാനത്തുനിന്ന് റെയിൽവേ വികസനത്തിന് വേണ്ട 459.54 ഹെക്ടർ ഭൂമിയിൽ 62.83 ഹെക്ടർ ഭൂമി മാത്രമാണ് ഇതുവരെ ഏറ്റെടുക്കാൻ സാധിച്ചിട്ടുള്ളതെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.
1997-98 ബജറ്റിൽ വിഭാവനം ചെയ്ത അങ്കമാലി -എരുമേലി റെയിൽവേ പാതക്കായി സ്ഥലമേറ്റെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആദ്യഘട്ടമെന്നോണം അങ്കമാലിയിൽനിന്നും കാലടി വഴി പെരുമ്പാവൂർ വരെയുള്ള 17 കിലോമീറ്ററിലാണ് സ്ഥലമേറ്റെടുപ്പ് ആരംഭിച്ചത്. എന്നാൽ, പദ്ധതിക്കെതിരെ പ്രാദേശികമായി പ്രതിഷേധം കനത്തതോടെ നടപടികളും നിലക്കുകയായിരുന്നു. ഒന്നരപ്പതിറ്റാണ്ടിന് ശേഷമാണ് പുതിയ പദ്ധതിയുമായി റെയിൽവേ രംഗത്തെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.