തിരുവനന്തപുരം: ഭൂമി കൈമാറ്റത്തിൽ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക് കുറക്കണമെന്ന കേന്ദ്ര നിർദേശം കേരളം നടപ്പാക്കില്ല. സ്ത്രീകള്‍ക്ക് പ്രത്യേക ഇളവ് നല്‍കണമെന്ന നിര്‍ദേശവും തള്ളി. ഭൂമി കൈമാറ്റത്തിനായി ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുന്ന സംസ്ഥാനങ്ങള്‍ കുറക്കണമെന്ന കേന്ദ്ര ബജറ്റിലെ നിര്‍ദേശമാണ് തള്ളുന്നത്. സംസ്ഥാനത്തിന്റെ പരിമിതമായ നികുതി അധികാരത്തിന്മേലുള്ള കേന്ദ്ര കടന്നുകയറ്റമെന്ന് വ്യാഖ്യാനിച്ചാണ് നടപടി.
ഭൂമി കൈമാറ്റം നടക്കുമ്പോള്‍ രാജ്യത്ത് ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഈടാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭൂമിയുടെ ന്യായവിലയുടെ 10 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഇനത്തില്‍ ഈടാക്കുന്നത്. അതായത്, 10 ലക്ഷം രൂപ വിലയുള്ള ഒരു ഭൂമിയുടെ കൈമാറ്റം നടക്കുമ്പോള്‍ ഒരുലക്ഷം രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ് എന്നീ ഇനങ്ങളിൽ സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ബജറ്റ് നിർദേശം നടപ്പാക്കാനാകില്ല എന്നാണ് കേരളത്തിന്റെ വിശദീകരണം. 24,000 കോടിയുടെ പ്രത്യേക പാക്കേജ് ഉൾപ്പെടെ കേരളം മുന്നോട്ടുവെച്ച ഒരു നിര്‍ദേശവും ബജറ്റില്‍ കേന്ദ്രം അംഗീകരിച്ചില്ല.
മദ്യം, പെട്രോള്‍- ഡീസല്‍ തുടങ്ങിയവയിലെ വിൽപന നികുതിയാണ് നിലവില്‍ സംസ്ഥാനത്തിന്റെ പ്രധാന നികുതി വരുമാന മാര്‍ഗം. ഇതിനുപുറമെ, ഭൂമി കൈമാറ്റത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ കോടികളാണ് ഖജനാവിലെത്തുന്നത്. എട്ടുശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രണ്ടുശതമാനം രജിസ്ട്രേഷന് ഫീസും. വരുമാന വര്‍ധനക്കായി ഫീസുകളിലും സേവന നിരക്കുകളിലും വര്‍ധന വരുത്താനും നിർദേശമുണ്ട്. വകുപ്പു സെക്രട്ടറിമാര്‍ നല്കുന്ന ഇത്തരം ശിപാര്‍ശകള്‍ വൈകാതെതന്നെ സര്‍ക്കാര്‍ പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.