കോളജുകളുടെ അംഗീകാരം: രണ്ട് കേസുകളിൽ സി.ബി.ഐ തുടരന്വേഷണം

കൊച്ചി: ഏഴു വര്‍ഷം മുമ്പ് തെളിവില്ലെന്ന കാരണത്താല്‍ അവസാനിപ്പിച്ച രണ്ട് കേസുകള്‍ സി.ബി.ഐ വീണ്ടും അന്വേഷിക്കുന്നു. തൃശൂരിലെ രണ്ട് എന്‍ജിനീയറിങ് കോളജുകള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍െറ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട കേസുകളിലാണ് വീണ്ടും അന്വേഷണത്തിന് ഒരുങ്ങുന്നത്. 2009ല്‍ സി.ബി.ഐ തന്നെ അവസാനിപ്പിച്ച കേസുകളാണിവ.

ചെറുവത്തൂര്‍ ഫൗണ്ടേഷന്‍െറ കീഴില്‍ തൃശൂര്‍ പഴഞ്ഞി കൊട്ടോളില്‍ പ്രവര്‍ത്തിക്കുന്ന തേജസ് എന്‍ജിനീയറിങ് കോളജ്, ഇഖ്റഅ് എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്‍െറ കീഴില്‍ വടക്കാഞ്ചേരി ദേശമംഗലത്തെ മലബാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് അന്വേഷണം. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്‍ (എ.ഐ.സി.ടി.ഇ) മുന്‍ റീജനല്‍ ഡയറക്ടര്‍ മഞ്ജു സിങ്ങായിരുന്നു രണ്ട് കേസുകളിലും മുഖ്യപ്രതി. പ്രമുഖ വ്യവസായിയും ചെറുവത്തൂര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സി.സി. തമ്പി, ഇഖ്റഅ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍െറ കെ.എസ്. ഹംസ എന്നിവരാണ് മറ്റു പ്രതികള്‍.

നേരത്തേയുള്ള അന്വേഷണത്തില്‍ ചില കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വന്നില്ളെന്നും ഇതിനാലാണ് കേസ് അവസാനിപ്പിക്കാനിടയായതെന്നും ചൂണ്ടിക്കാട്ടി സി.ബി.ഐ നല്‍കിയ ഹരജിയില്‍ എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കോടതി അനുമതിയുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്പെക്ടര്‍ എസ്.എസ്. ചൗഹാന്‍െറ നേതൃത്വത്തിലുള്ള സംഘം കേസ് വീണ്ടും അന്വേഷിക്കും. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത എന്‍ജിനീയറിങ് കോളജുകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് മഞ്ജു സിങ് അടക്കമുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ പാലക്കാട് ഗോവിന്ദാപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ട്രസ്റ്റ് ചെയര്‍മാനായിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി ഒ.കെ. ശ്രീധരനും മഞ്ജു സിങ്ങും ഉള്‍പ്പെട്ട മറ്റൊരു കേസ് വിചാരണ നടപടികള്‍ക്കായി കോടതിയുടെ പരിഗണനയിലുണ്ട്. ഡോ. മഞ്ജു സിങ് എ.ഐ.സി.ടി.ഇയുടെ ബംഗളൂരുവിലെ റീജനല്‍ ഡയറക്ടറായിരിക്കെയാണ് അഴിമതി അരങ്ങേറിയത്. ടെക്നിക്കല്‍ എജുക്കേഷന്‍ കൗണ്‍സില്‍ നിര്‍ദേശ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത കോളജിന് അനുമതി നല്‍കാനായി മഞ്ജു സിങ് വന്‍ തുക കൈക്കൂലി വാങ്ങിയതായാണ് സി.ബി.ഐയുടെ ആരോപണം.

 

Tags:    
News Summary - reenquary of cbi for fake engineering college sanction in thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.