തിരുവനന്തപുരം: പ്രവർത്തനം വിപുലമാക്കി താഴെ തലത്തിലേക്ക് കൊണ്ടുപോകാൻ ലക്ഷ്യമിട്ട് നവോത്ഥാനമൂല്യ സംരക്ഷണ സമിതി ഉടച്ചുവാർത്തു. സംവിധാനത്തിെൻറ ഘടനയിലും മാറ്റം വരുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പുതിയ സെക്രേട്ടറിയറ്റ് രൂപവത്കരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
നവംബറിൽ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നവോത്ഥാനമൂല്യങ്ങൾ ആസ്പദമാക്കി ഡിസംബറിൽ കാമ്പസുകളിൽ സംവാദം സംഘടിപ്പിക്കും. 2020 ജനുവരിയിൽ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്മൃതി യാത്ര നടത്തും. നവോത്ഥാന നായകരുടെ സ്മൃതി മണ്ഡപങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലൂടെയും ചരിത്ര പ്രധാനമായ സ്ഥലങ്ങളിലൂടെയും യാത്ര കടന്നുപോകും. നവോത്ഥാനമൂല്യ സംരക്ഷണ സമിതി രജിസ്റ്റർ ചെയ്യാനും തിരുവനന്തപുരത്ത് സ്വന്തം ഓഫിസ് സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.
നിലവിൽ സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശനെ പുതിയ പ്രസിഡൻറായി തെരഞ്ഞെടുത്തു. ഇപ്പോൾ കൺവീനറായ പുന്നല ശ്രീകുമാറാണ് ജനറൽ സെക്രട്ടറി. മറ്റു ഭാരവാഹികൾ: അഡ്വ. കെ. സോമപ്രസാദ് എം.പി (ട്രഷ.), പി. രാമഭദ്രൻ (ഓർഗനൈസിങ് സെക്ര.), ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ബി. രാഘവൻ, അഡ്വ. സി.കെ. വിദ്യാസാഗർ (വൈസ് പ്രസിഡൻറുമാർ), അഡ്വ. പി.ആർ. ദേവദാസ്, ടി.പി. കുഞ്ഞുമോൻ, അഡ്വ. കെ.പി. മുഹമ്മദ് (സെക്രട്ടറിമാർ), അഡ്വ. കെ. ശാന്തകുമാരി, അബ്ദുൽ ഹക്കിം ഫൈസി, പി.കെ. സജീവ്, ഇ.എ. ശങ്കരൻ, കെ.ടി. വിജയൻ, അഡ്വ. വി.ആർ. രാജു, രാമചന്ദ്രൻ മുല്ലശ്ശേരി, കെ.കെ. സുരേഷ് (സെക്രേട്ടറിയറ്റ് അംഗങ്ങൾ). ഭാരവാഹികളടക്കം 18 അംഗങ്ങളുള്ളതാണ് പുതിയ സെക്രേട്ടറിയറ്റ്.
വിശാല താൽപര്യത്തോടെ പ്രവർത്തിക്കുന്ന നവോത്ഥാനമൂല്യ സംരക്ഷണ സമിതിക്ക് ഇതിനകംതന്നെ കേരളത്തിെൻറ സാമൂഹിക മണ്ഡലത്തിൽ നല്ല സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമിതി പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും നവോത്ഥാനമൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കണമെന്നും അധ്യക്ഷത വഹിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അമ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. പുന്നല ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.