കോഴിക്കോട്: മുസ്ലിം ലീഗിലെ ആഭ്യന്തര വിമർശനങ്ങളുടെ മുനയൊടിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന ഭാരവാഹികളുടെയും നിയമസഭ പാർട്ടിയുടെയും യോഗത്തിൽ പൊട്ടിത്തെറിച്ചവർ വിനീതരാകുന്നതിനും പ്രവർത്തകസമിതി സാക്ഷ്യംവഹിച്ചു. പോഷകസംഘടനകളിൽ 20 ശതമാനം വനിത സംവരണം എന്ന പ്രഖ്യാപനം ഹരിത വിഷയം മറികടക്കാനാണെങ്കിലും മുസ്ലിം ലീഗിൽ ഇല്ലാത്ത സംവരണം പോഷകസംഘടനയിൽ ഏർപ്പെടുത്തുന്നത് വനിത ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. നൂർബിന റഷീദ് ചോദ്യംചെയ്തു.
പ്രവർത്തകസമിതി അംഗീകരിച്ച നയരേഖയിൽ വനിത ലീഗിനെ സംബന്ധിച്ച പരാമർശങ്ങളിൽ സംസ്ഥാന പ്രസിഡൻറ് സുഹ്റ മമ്പാട് വിമർശനം ഉയർത്തി. ''വനിത ലീഗ് പ്രവർത്തനം കാലോചിതവും ധാർമിക മൂല്യങ്ങളിലധിഷ്ഠിതമായും മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്. മത, ധാർമിക മൂല്യങ്ങളിലധിഷ്ഠിതമായി സംഘടനതലത്തിൽ സ്ത്രീശാക്തീകരണത്തിന് വനിത ലീഗ് മുൻകൈയെടുക്കണം'' എന്നീ പരാമർശങ്ങൾ പുരുഷന്മാർക്ക് ബാധകമല്ലേ എന്നായിരുന്നു ചോദ്യം. സംഘടന പ്രവർത്തനത്തിലാണെങ്കിലും മത, ധാർമികബോധം സ്ത്രീകളുടെ മാത്രം ബാധ്യതയായി പരാമർശിക്കേണ്ടിയിരുന്നില്ലെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കാൻ ജില്ലക്ക് പുറത്തുള്ളവരെ നിയോഗിക്കുന്നതിലെ അനൗചിത്യം പാറക്കൽ അബ്ദുല്ല ചൂണ്ടിക്കാട്ടി. വിവിധ ജില്ല കമ്മിറ്റികളിലെ പ്രശ്നം പരിഹരിക്കാൻ നേതൃത്വം നേരിട്ട് ഇടപെടും. ജില്ലകളിൽ നടക്കുന്ന നേതൃയോഗത്തിലാണ് നേതാക്കൾ പ്രശ്നങ്ങൾ കേൾക്കുക. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടീം കാസർകോട്, വയനാട്, തൃശൂർ, കോട്ടയം, കൊല്ലം ജില്ലകളിൽ പങ്കെടുക്കും. ഇ.ടി. മുഹമ്മദ് ബഷീറിെൻറ നേതൃത്വത്തിൽ കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഡോ. എം.കെ. മുനീറിെൻറ നേതൃത്വത്തിൽ കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.