തിരുവനന്തപുരം: സി.പി.എം നിയമസഭ കക്ഷി യോഗത്തിൽ പ്ലസ് വൺ സീറ്റിനെ ചൊല്ലി മന്ത്രി ശിവൻകുട്ടിക്കും വിമർശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നാണ് ശിവൻകുട്ടിക്കെതിരെ വിമർശനം ഉയർന്നത്. സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത് ശരിയായില്ലെന്നും സി.പി.എം എം.എൽ.എമാർ വ്യക്തമാക്കി.
ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും നിയമസഭാ കക്ഷിയോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
എം.എൽ.എമാരുടെ ശുപാർശയുമായി കരാറുകാർ മന്ത്രിയുടെ മുന്നിലേക്ക് വരരുതെന്ന നിയമസഭയിലെ പരാമർശത്തിന്‍റെ പേരിലാണ് വ്യാപകമായ വിമർശനം ഉയർന്നത്. എതിർപ്പ് ശക്തമായതോടെ പരാമർശം തെറ്റായിപ്പോയെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടിവന്നു. കഴിഞ്ഞ 7-ആം തിയതി ചോദ്യോത്തര വേളയിൽ നടത്തിയ പരാമർശമാണ് സി.പി.എം എം.എൽ.എമാരെ പ്രകോപിതരാക്കിയത്. നിയമസഭയിലെ മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് എം.എൽ.എമാർ വിമര്‍ശിച്ചു.
തലശേരി എംഎല്‍എ എ.എൻ.ഷംസീറാണ് വിമർശനം തുടങ്ങിയത്. പിന്നാലെ കെ.വി.സുമേഷും കടകംപളളി സുരേന്ദ്രനും എല്ലാം ഏറ്റെടുത്തു. മണ്ഡലത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എൽ.എമാർക്ക് മന്ത്രിമാരുമായി ബന്ധപ്പെടേണ്ടിവരും. ചിലപ്പോൾ അവരുമായി മന്ത്രിയെ കാണേണ്ടിയും വരും. ഇതേക്കുറിച്ച് തെറ്റായ പരാമർശം നിയസഭ പോലുള്ള വേദിയിൽ ഉന്നയിക്കരുതായിരുന്നു എന്നായിരുന്നു വിമർശനത്തിന്‍റെ കാതൽ.
വിമർശനം കടുത്തതോടെ മുഹമ്മദ് റിയാസ് പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.