മലപ്പുറം: വിവാഹം രജിസ്റ്റർ ചെയ്യുന്നത് പോലെ വിവാഹമോചനവും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമവും ചട്ടഭേദഗതിയും തയാറാക്കാനൊരുങ്ങുന്നത് കോടതി ഉത്തരവിറക്കി രണ്ടര വർഷത്തിന് ശേഷം. 2008ലെ കേരള വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങളിൽ വിവാഹമോചന രജിസ്ട്രേഷനുള്ള വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് മന്ത്രി എം.വി. ഗോവിന്ദന്‍ അറിയിച്ചത്.
എന്നാൽ, ആവശ്യമുള്ളവർക്ക് വിവാഹ മോചനവും രജിസ്റ്റർ ചെയ്ത് നൽകണമെന്ന് 2019ൽ തന്നെ ഹൈകോടതി ഉത്തരവിട്ടിരുന്നു. പിറവം സ്വദേശി നൽകിയ ഹരജിയിലാണ് വിവാഹമോചനം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വിവാഹം നിലനിൽക്കുന്നെന്ന് പൊതുരേഖകൾ കാണിക്കുമെന്നും രജിസ്റ്റർ ചെയ്യാൻ സമീപിച്ചാൽ നൽകണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഉത്തരവിറക്കിയത്. ഈ ഉത്തരവിന് ശേഷം അന്നത്തെ നിയമമന്ത്രി എ.കെ. ബാലൻ രജിസ്ട്രേഷൻ നൽകാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രണ്ടര വർഷം കഴിഞ്ഞിട്ടും തീരുമാനം നടപ്പായില്ല.
'മാധ്യമം' നൽകിയ വിവരാവകാശത്തിന് ലഭിച്ച മറുപടിയിലാണ് ഹൈകോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയിട്ടില്ലെന്ന് വ്യക്തമായത്. രജിസ്റ്റർ ചെയ്ത വിവാഹങ്ങളിൽ പിന്നീട് വിവാഹമോചനം ഉണ്ടാവുകയാണെങ്കിൽ അത് രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ചട്ടത്തിൽ പരാമർശിക്കുന്നില്ലെന്നും എന്നാൽ സമാനകേസുകളിലെ കോടതി വിധികൾ എല്ലാവർക്കും ബാധകമാക്കാമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ചീഫ് രജിസ്ട്രാർക്ക് അപേക്ഷ അയച്ചിട്ടുണ്ടെന്നുമായിരുന്നു ബന്ധപ്പെട്ട വകുപ്പുകളുടെ മറുപടി. ഇക്കാര്യം 'മാധ്യമം' വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാഹമോചനം രജിസ്റ്ററിൽ രേഖപ്പെടുത്തി നൽകാത്തതിനാൽ പൊതുരേഖകളിൽ മാത്രം 'വിവാഹിതരായി' തുടരുന്ന സാഹചര്യമുണ്ട്. വിവാഹമോചനം നേടിയതിന് ശേഷം ബന്ധപ്പെട്ട രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്കും തദ്ദേശഭരണ വകുപ്പിനും ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.