തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് കുറഞ്ഞ വിലക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള നാല് കരാറുകൾ സർക്കാർ അഭ്യർഥനയെത്തുടർന്ന് റെഗുലേറ്ററി കമീഷൻ പുനഃസ്ഥാപിച്ചെങ്കിലും അയയാതെ പ്രതിസന്ധി. കരാർ ഒപ്പുവെച്ചപ്പോഴുള്ള നിരക്കിൽ ഇനി വൈദ്യുതി നൽകാനാവില്ലെന്ന നിലപാടിൽ കമ്പനികൾ ഉറച്ചുനിൽക്കുകയാണ്.
കമ്പനികളുമായി ചർച്ചകൾ തുടരാനും വഴങ്ങിയില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കാനുമുള്ള നീക്കമാണ് കെ.എസ്.ഇ.ബി നടത്തുന്നത്. റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിച്ചതിന് പിന്നാലെ, കെ.എസ്.ഇ.ബി നിയമോപദേശം തേടിയിരുന്നു. കരാർ റെഗുലേറ്ററി കമീഷൻ റദ്ദാക്കുകയും പിന്നീട്, പുനഃസ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തിൽ കുറഞ്ഞ നിരക്കിൽ തന്നെ വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. കരാർ ഒപ്പിട്ട കാലത്തെ അപേക്ഷിച്ച വൈദ്യുതി വില വർധിച്ചതിനാൽ പഴയ നിരക്കിൽ വൈദ്യുതി നൽകാനാവില്ലെന്ന നിലപാടിലാണ് കമ്പനികൾ. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികളിലേക്ക് കമ്പനികൾ പോകാനുള്ള സാധ്യതയും നിലനിൽക്കുന്നു.
കരാറുകൾ പുനഃസ്ഥാപിച്ച് റെഗുലേറ്ററി കമീഷൻ ഉത്തരവിറക്കിയത് ഡിസംബർ 29നാണ്. കഴിഞ്ഞ മേയിൽ റദ്ദാക്കിയ കരാർ പുനഃസ്ഥാപിച്ചെങ്കിലും ഒരു കമ്പനി മാത്രമാണ് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നത് തുടരാൻ സന്നദ്ധത അറിയിച്ചത്. ജാബുവ പവർ (115 മെഗാവാട്ടിന്റെയും 100 മെഗാവാട്ടിന്റെയും രണ്ട് കരാറുകൾ), ജിൻഡാൽ പവർ (150 മെഗാവാട്ട്), ജിൻഡാൽ ഇന്ത്യ തെർമൽ പവർ (100 മെഗാവാട്ട്) എന്നീ കമ്പനികളാണ് വൈദ്യുതി നൽകിയിരുന്നത്.
ജിൻഡാൽ പവർ മാത്രമാണ് 150 മെഗാവാട്ട് തുടർന്നും നൽകാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ, ഇവരും തുടർ നടപടികൾക്ക് താൽപര്യം കാട്ടുന്നില്ല. നാല് ദീർഘകാല കരാറുകൾ പ്രകാരം വൈദ്യുതി ലഭ്യമായില്ലെങ്കിൽ പുതിയ കരാറുണ്ടാക്കി കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടിവരും. യൂനിറ്റിന് 4.29 രൂപക്ക് ലഭിച്ചിരുന്ന കരാറുകൾ റദ്ദാക്കിയതുമൂലം വൈദ്യുതി കമ്മി നേരിടാൻ പവർ എക്സ്ചേഞ്ചിൽ നിന്ന് ഇരട്ടിയിലേറെ വിലക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.