കോട്ടയം: സംസ്ഥാനത്ത് പാർട്ടിയിൽ നേതൃമാറ്റം എന്ന ആർ.എസ്.എസ് ആവശ്യം തള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരട്ടെയെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. തെരഞ്ഞെടുപ്പിനുമുമ്പ് പ്രസിഡന്റിനെ മാറ്റുന്നത് സംഘടനയെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണിത്.
കേരളത്തിൽ ഒരു സീറ്റെങ്കിലും നേടാൻ സാധിച്ചാൽ ഒരു ടേം കൂടി സുരേന്ദ്രൻ പ്രസിഡന്റായി വരുമെന്ന ഉറപ്പും ദേശീയനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടുണ്ട്. ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദക്ക് കാലാവധി ദീർഘിപ്പിച്ച് നൽകിയത് പോലെ സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കില്ല. നിലവിലെ സാഹചര്യത്തിൽ സുരേന്ദ്രന് പകരം മറ്റൊരാളെ കണ്ടെത്തുന്നതും നേതൃത്വത്തിന് വെല്ലുവിളിയാണ്. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ ആർ.എസ്.എസിനുള്ള അതൃപ്തി പരിഹരിക്കാനുള്ള നീക്കങ്ങൾ ദേശീയനേതൃത്വത്തിൽ നിന്നുണ്ടാകും.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലുൾപ്പെടെ ആർ.എസ്.എസിന്റെ പങ്കാളിത്തം കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.എസ്.എസിന്റെ താൽപര്യം കൂടി കണക്കിലെടുത്തുള്ള സ്ഥാനാർഥി നിർണയമാകും ഉണ്ടാവുകയെന്ന ഉറപ്പും ബി.ജെ.പി നൽകിയിട്ടുണ്ട്. ബി.ജെ.പി ദേശീയ സംഘടന ജന.സെക്രട്ടറി ബി.എൽ. സന്തോഷാണ് നേതൃമാറ്റം തൽക്കാലമുണ്ടാകില്ലെന്ന് ആർ.എസ്.എസ് നേതൃത്വത്തെ അറിയിച്ചത്. കാര്യമായ കൂടിയാലോചനയില്ലെന്നും മുതിർന്ന നേതാക്കളെ ഉൾപ്പെടെ അവഗണിക്കുന്നെന്ന പരാതിയും ആർ.എസ്.എസ് ഉന്നയിച്ചിരുന്നു. അക്കാര്യങ്ങളിലും മാറ്റം വരുത്താമെന്ന ഉറപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്. അടിത്തട്ടിലിറങ്ങിയുള്ള പ്രവർത്തനം ബി.ജെ.പിയിൽ ഇപ്പോഴില്ലെന്ന ആർ.എസ്.എസ് വിമർശനവും പാർട്ടി നേതൃത്വം ഉൾക്കൊണ്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.