കോഴിക്കോട്: ബന്ധു നിയമനത്തിന് മന്ത്രി കെ.ടി ജലീൽ നേരിട്ടിടപെട്ടു എന്നതിന് തെളിവുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരുടെ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റം വരുത്താൻ മന്ത്രി കുറിപ്പെഴുതി സെക്ഷനിലേക്ക് കൊടുത്തുവെന്ന് ഫിറോസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മന്ത്രിയുടെ നോട്ട് ഉയർത്തിക്കാണിച്ചായിരുന്നു ആരോപണം.
2016 ജൂലൈ 28 ന് മന്ത്രി വകുപ്പിലേക്ക് നൽകിയ കുറിപ്പിൽ ജനറൽ മാനേജരുടെ യോഗ്യതയിൽ മാറ്റം വരുത്താൻ മന്ത്രി ആവശ്യപ്പെട്ടു. ബിരുദവും എം.ബി.എയും അടിസ്ഥാനയോഗ്യതയായി കണക്കാക്കിയ ഉത്തരവ് തിരുത്തി യോഗ്യതയിൽ ബിരുദവും എം.ബി.എയുമോ അല്ലെങ്കിൽ ബി.ടെക്കും പി.ജി.ഡി.ബിയും മൂന്നു വർഷത്തെ പ്രവർത്തി പരിചയവും യോഗ്യതയായി ചേർക്കണമെന്നാണ് കുറിപ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ധനകാര്യ വകുപ്പിെൻറ അഭിപ്രായത്തോടെ മന്ത്രിസഭാ യോഗമാണ് വിദ്യാഭ്യാസ യോഗ്യത തീരുമാനിച്ചത് എന്ന് വകുപ്പ് സെക്രട്ടറി എ. ഷാജഹാൻ ഇതിനു മറുപടി നൽകി. ഉത്തരവിൽ മാറ്റം വരുത്തണമെങ്കിൽ മന്ത്രി സഭ അംഗീകരിക്കണം എന്നും ചൂണ്ടിക്കാട്ടി മേധാവി കുറിപ്പ് മന്ത്രിക്ക് തിരിച്ചയച്ചു.
എന്നാൽ ഇത് അധിക യോഗ്യതയാണെന്നും അതിന് മന്ത്രിസഭയുടെ അംഗീകാരം വേണ്ടെന്നും മുഖ്യമന്ത്രിയുടെ അംഗീകാരം മാത്രം മതിയെന്നും കാണിച്ച് മന്ത്രി മറുപടി നൽകി. തുടർന്ന് മുഖ്യമന്ത്രിയുെട ഒപ്പുവാങ്ങി കുറിപ്പ് തിരിച്ചയച്ചുവെന്നും ഫിറോസ് ആരോപിച്ചു. മന്ത്രി പറഞ്ഞുപോലെ അധിക യോഗ്യതയല്ല, അടിസ്ഥാന യോഗ്യതയിലാണ് മാറ്റം വരുത്തിയതെന്നും ഫിറോസ് പറഞ്ഞു.
ഖണ്ഡിക ആറു പ്രകാരം യോഗ്യതയിൽ മാറ്റംവരുത്തി ഉത്തരവിറക്കുന്നുവെന്നാണ് സർക്കാർ സെക്രട്ടറി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ഖണ്ഡിക ആറ് എന്നത്, യോഗ്യതയിൽ മാറ്റം വരുത്താൻ കാബിനറ്റിൽ വെക്കേണ്ടതില്ലെന്ന കെ.ടി ജലീലിെൻറ കുറിപ്പാണെന്നും ഫിറോസ് വ്യക്തമാക്കി. കാബിനറ്റിൽ വെക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം ഉത്തരവിറക്കുന്നവെന്നല്ല സർക്കാർ സെക്രട്ടറി നോട്ട് എഴുതിയത്. കാബിനറ്റിൽ വെക്കാതെ ഉത്തരവിറക്കുന്നത് ശരിയല്ലെന്ന് സെക്രട്ടറിക്കറിയാമെന്നും ഫിറോസ് പറഞ്ഞു.
ജലീലിെൻറ ബന്ധു നിയമനം മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം. കാബിനറ്റിൽ വെക്കേണ്ടതില്ലെന്ന മന്ത്രിയുടെ വാദത്തെ ശരിവെക്കുന്നതരത്തിൽ കുറിപ്പിൽ മുഖ്യമന്ത്രി ഒപ്പുവെക്കാൻ ഇടയായാത് എങ്ങനെയാണ്. ഇൗ കളിയിൽ മുഖ്യമന്ത്രിക്കും പങ്കുള്ളതുകൊണ്ടാണോ അദ്ദേഹം മൗനം തുടരുന്നത്. അതോ മുഖ്യമന്ത്രിയെ കബളിപ്പിച്ചാേണാ അംഗീകാരം നേടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണന്നെും ഫിറോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.