ബീഡിത്തൊഴിലാളി ജനാർദനൻ 

‘ദുരിതാശ്വാസ നിധി തട്ടിപ്പുകാർ ദയ അർഹിക്കുന്നില്ല; ചത്താ മതീന്ന് തോന്നിപ്പോകുന്നു’ -2 ലക്ഷം സംഭാവന ചെയ്ത ബീഡിത്തൊഴിലാളി

കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയവർ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും തട്ടിപ്പിനെകുറിച്ച് കേൾക്കു​​​മ്പോൾ ചത്താ മതീന്ന് തോന്നിപ്പോകുന്നുവെന്നും തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദ്ദനൻ.

വർഷങ്ങളോളം ബീഡിതെറുത്ത് സമ്പാദിച്ചതിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് കണ്ണൂര്‍ കുറുവ ചാലാടന്‍ ഹൗസിൽ ജനാർദ്ദനൻ കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. 'കൊറോണ വന്നത് രാഷ്ട്രീയം നോക്കിയിട്ടാണോ? എത്രയോ വലിയ കോടീശ്വരന്മാര്‍ വരെ കൊറോണ വന്ന് മരിച്ചിട്ടില്ലേ? അവര്‍ പോകുമ്പോൾ കോടികളും കൊണ്ടാണോ പോയത്. ദുരിതാശ്വാസ നിധിയിൽ നിന്ന് കൈയിട്ടു വാരിയവരുടെ രാഷ്ട്രീയം നോക്കിയിട്ട് കാര്യം ഇല്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തെറ്റിനെ വിമർശിക്കണം. ആ സമയത്ത് എന്റെ കാര്യം മാത്രം നോക്കീട്ട് പൈസയും വെച്ച് എനിക്ക് ഇരിക്കാമായിരുന്നു' ജനാർദനൻ പറഞ്ഞു.

കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ടാണ് വാക്‌സിന്‍ ചാലഞ്ചിനായി പണം നല്‍കാൻ ജനാര്‍ദനന്‍ തീരുമാനിച്ചത്. ''ജന്മനാ കേള്‍വിക്കുറവുള്ള തനിക്ക് രണ്ട് ശസ്ത്രക്രിയ ജില്ലാആശുപത്രിയിലാണ് നടന്നത്. ഇപ്പോള്‍ ശ്രവണ സഹായി ഉപയോഗിച്ച് നന്നായി കേള്‍ക്കാം. ഹെര്‍ണിയ ശസ്ത്രക്രിയയും ചെയ്തു. രണ്ട് പ്രാവശ്യം ക്ഷയരോഗം വന്നു. അപ്പോഴെല്ലാം സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയാണെടുത്തത്. ഇപ്പോഴും ഗവ. ആശുപത്രിയില്‍ ചികിത്സ നടത്തുന്നു. വാക്‌സിന് കേന്ദ്രം വില കൂട്ടിയപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്‍ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില്‍ പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാന്‍ പറഞ്ഞു. ആരും അറിയരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു’ -ജനാർദനൻ തന്റെ സംഭാവനയെ കുറിച്ച് അന്ന് പറഞ്ഞതാണിത്.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇദ്ദേഹത്തെ ക്ഷണിച്ചിരുന്നു. 

Tags:    
News Summary - 'Relief fraudsters deserve no mercy -Beedi worker who donated 2 lakhs in CMRDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.