തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്ക് മറുപടിയുമായി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. വിദേശത്ത് നിന്നുള്ള കള്ളക്കടത്ത് നിരീക്ഷിക്കലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ജോലി എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ധരിച്ചിരിക്കുന്നത്. ഇതെല്ലാം ധനകാര്യ മന്ത്രാലയത്തിന്‍റെ കീഴില്‍ വരുന്ന കസ്റ്റംസിന്‍റെ ചുമതലയാണെന്ന് വി. മുരളീധരൻ വ്യക്തമാക്കി.
ഇച്ഛാശക്തിയുള്ള ധനകാര്യ മന്ത്രിയും ധനകാര്യ മന്ത്രാലയവും കേന്ദ്ര സർക്കാറിനുള്ളതിനാലാണ് വിദേശ പൗരന്മാരുമായി ചേര്‍ന്ന് പിണറായി നടത്തിയ കള്ളക്കടത്ത് കൈയോടെ പിടിച്ചതെന്ന് മുരളീധരൻ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനിയെ വി. മുരളീധരന്‍ വേട്ടയാടുന്നു എന്ന് മുഖ്യമന്ത്രി പറയാത്തതിൽ ആശ്വാസമുണ്ട്. അക്കാര്യത്തിൽ സത്യസന്ധത പുലര്‍ത്തിയ പിണറായിയെ അഭിനന്ദിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
മിഡിൽ ഈസ്റ്റിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി തോന്നുന്നതെല്ലാം വിളിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വി. മുരളീധരന്റെ പേരെടുത്ത് പറയാതെ കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. ഇദ്ദേഹം മന്ത്രിയായ ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് കണക്കുമുണ്ടോ?. ഈ മന്ത്രി ചുമതലയില്‍ വന്നശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് തുടങ്ങിയത്. കടത്തിയത് നയതന്ത്ര ബാഗിലല്ല എന്നുപറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി മന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്നും പിണറായി പരിഹസിച്ചിരുന്നു.
നയതന്ത്ര ബാഗിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്ന് പാര്‍ലമെന്റിൽ ധന സഹമന്ത്രി പറഞ്ഞപ്പോള്‍ അതിന് വിരുദ്ധമായ നിലപാട് ഈ സഹമന്ത്രി ആവര്‍ത്തിച്ചത് എന്തിനായിരുന്നു. ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെ കുറിച്ച് ചോദിച്ചപ്പോഴല്ലേ, അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്ന് ഈ സഹമന്ത്രി മറുപടി പറഞ്ഞത്. അതേ സഹമന്ത്രി തന്നെയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങിയിരിക്കുന്നതെന്നും പിണറായി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.