തൃശൂർ: വസ്തുനികുതി നിർണയിച്ച ശേഷം കെട്ടിടത്തിലെ തറവിസ്തീർണത്തിൽ ഉൾപ്പെടെ മാറ്റം വരുത്തിയത് അറിയിക്കാനുള്ള തീയതി തിങ്കളാഴ്ച അവസാനിക്കേ ഭൂരിഭാഗം പേർക്കും തിരുത്താൻ അവസരം ലഭിച്ചില്ല. തദ്ദേശ വകുപ്പിൽ ഇതു സംബന്ധിച്ച് വ്യക്തത ഇല്ലാത്തതും മാറ്റം അറിയിക്കാനുള്ള 9-ബി ഫോറം വൈകി ലഭിച്ചതുമാണ് കാരണം.
മേയ് 10ന് മാത്രമാണ് ഫോറം ലഭ്യമായത്. കെട്ടിടത്തിൽ മാറ്റം വരുത്തിയവർ സമർപ്പിക്കേണ്ട രേഖകൾ സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. നിർദേശം സംബന്ധിച്ച് ഭൂരിഭാഗം ജനത്തിനും അറിവുപോലുമില്ലാത്തത് ഭാവിയിൽ പിഴയടക്കം ശിക്ഷനടപടികൾക്ക് വഴിയൊരുക്കിയേക്കും.
വസ്തുനികുതി നിർണയിക്കപ്പെട്ട ശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗക്രമത്തിലോ വരുത്തിയ മാറ്റങ്ങൾ തദ്ദേശ സെക്രട്ടറിയെ അറിയിക്കണമെന്ന ഉത്തരവ് മാർച്ച് അവസാനമാണ് പുറത്തിറങ്ങിയത്. 9-ബി ഫോറം വൈകിയതിന് ഒപ്പം സർക്കാർ അറിയിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരിലുൾപ്പെടെയുള്ള ആശയക്കുഴപ്പം തീർന്നിട്ടുമില്ല.
തറയുടെ തരം മാറ്റൽ, മേൽക്കൂരയുടെ തരം മാറ്റൽ, ഭാഗികമായോ പൂർണമായോ പൊളിക്കൽ, സെൻട്രലൈസ്ഡ് എ.സി സ്ഥാപിക്കൽ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ നൽകാനുള്ളത്. ഹാജറാക്കുന്ന രേഖകൾ സംബന്ധിച്ച് വിവരം ചേർക്കണമെന്നുണ്ടെങ്കിലും അവ ഏതൊക്കെയെന്ന് നിഷ്കർഷിച്ചിട്ടില്ല. പഞ്ചായത്തുകളിൽ 2013 ഏപ്രിൽ ഒന്നിനും നഗരസഭകളിൽ 2016 ഏപ്രിൽ ഒന്നിനുമാണ് വസ്തുനികുതി അവസാനമായി പുതുക്കിയത്.
ഇവ നിർണയിച്ച ശേഷം കൂട്ടിച്ചേർക്കൽ നടത്തുന്നവർ 30 ദിവസത്തിനകം രേഖമൂലം സെക്രട്ടറിയെ അറിയിക്കണമെന്നാണ് ചട്ടം. 2013ന് മുമ്പു വരെ വിസ്തീർണം കണക്കിലെടുക്കാതെ ഉപയോഗം നിശ്ചയിച്ച് കെട്ടിടത്തിന് കിട്ടുമായിരുന്ന വാടക നിശ്ചയിച്ചാണ് നികുതി ഈടാക്കിയിരുന്നത്.
2013ൽ പ്ലിന്ത് ഏരിയ കണക്കാക്കി നികുതി പുതുക്കിയെങ്കിലും മാറ്റം പൊതുജനങ്ങളെ അറിയിച്ചില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ കുറവുമൂലം പരിശോധിച്ചുമില്ല. ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നികുതി പരിഷ്കരണത്തിൽ ഇത് ഉൾപ്പെടുത്തുകയായിരുന്നു.
കെട്ടിട ഉടമ നൽകുന്ന വിവരം അറിയിച്ചാലും ഇല്ലെങ്കിലും പരിശോധന നടത്താൻ ഐ.ടി.ഐ, ഡിേപ്ലാമ യോഗ്യതയുള്ളവരുടെ സംഘത്തെ നിയോഗിക്കാനാണ് തദ്ദേശവകുപ്പ് നിർദേശം. ഇവർ വീടുകളിലെത്തി നടത്തുന്ന പരിശോധനക്കു ശേഷം 10 ശതമാനം കെട്ടിടങ്ങളിൽ ഉദ്യോഗസ്ഥതല പരിശോധനയും നടക്കും.
പരിശോധനയിൽ 25 ശതമാനത്തിൽ കൂടുതൽ വിവരങ്ങളിൽ വ്യത്യാസമുണ്ടായാൽ മുഴുവൻ കെട്ടിടങ്ങളുടെയും വിവരശേഖരണം നടത്തണം. തുടർന്ന് തെറ്റായി വിവരം നൽകുന്നവർക്ക് പിഴശിക്ഷയും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.