അപ്രതീക്ഷിത ആഘാതമായിരുന്നു കറന്‍സി അസാധുവാക്കലിലൂടെ കുട്ടനാട് അനുഭവിച്ചത്. അതിന്‍െറ ദുരിതക്കണ്ണീര്‍ ഇന്നും നെല്ലറയില്‍ ഒഴിഞ്ഞിട്ടില്ല. രണ്ടാം കൃഷിയുടെ വിളവെടുപ്പ് പൂര്‍ത്തിയായിവരുകയും കായല്‍ നിലങ്ങളില്‍ പുഞ്ചകൃഷിക്ക് ഒരുക്കം തകൃതിയാവുകയും ചെയ്ത സമയത്താണ് ഇരുട്ടടിപോലെ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്നത്. ആദ്യമൊക്കെ അത്ര ഗൗരവമായി കര്‍ഷകര്‍ക്ക് തോന്നിയിരുന്നില്ല. എന്നാല്‍, കൃഷിയുമായി ബന്ധപ്പെട്ട് ഓരോദിവസവും തള്ളിനീക്കാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ വര്‍ധിച്ചപ്പോള്‍ വലിയൊരു കാര്‍ഷിക ദുരന്തത്തിനു മുന്നിലകപ്പെട്ടതുപോലെയായി അവര്‍. കുട്ടനാട്ടിലെ വന്‍കിട കായല്‍ നിലങ്ങളിലൊന്നാണ് ഡി ബ്ളോക്കിലെ പുത്തനാറായിരം കായല്‍. 600 ഏക്കറിലാണ് കൃഷി. 250ഓളം കര്‍ഷകരുണ്ട്. പുഞ്ചകൃഷിക്ക് വിതച്ച സമയത്തായിരുന്നു കറന്‍സി പരിഷ്കരണ നടപടി.

അതോടെ കര്‍ഷകരുടെ കൈയില്‍ ദൈനംദിന ക്രയവിക്രയത്തിന് പണം കുറഞ്ഞു. കൂനിന്മേല്‍ കുരുവെന്നപോലെ 600ഏക്കറില്‍ അടുത്ത ദിവസങ്ങളില്‍ മടവീണു. മടവീഴ്ച തടയാന്‍ കൈയില്‍ പണമില്ലാത്ത അവസ്ഥ. കര്‍ഷകര്‍ നാലുപാടും ഓടി. പക്ഷേ, ബാങ്കുകളുടെ നിബന്ധനയില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പണമുണ്ടായിരുന്നെങ്കില്‍ മടവീഴ്ച തടയാന്‍ കഴിയുമായിരുന്നു. തെങ്ങിന്‍കുറ്റിയും ചെടികളും മണ്ണുംകൊണ്ട് കെട്ടിപ്പൊക്കി നൂറുകണക്കിന് തൊഴിലാളികളെ ഇറക്കി പണിയെടുപ്പിച്ച് അത് ചെയ്യാമായിരുന്നു. പക്ഷേ, പണം അന്വേഷിച്ച് നിരാശപ്പെട്ടതല്ലാതെ ഒന്നും നടന്നില്ല. അതോര്‍ത്ത് ഇന്ന് ദു$ഖിക്കാനെ കഴിയൂവെന്ന്  35 ഏക്കറിലെ കര്‍ഷകനായ വക്കച്ചന്‍ തേവര്‍കാട് പറഞ്ഞു. 

മടവീഴ്ച തടയാന്‍ കഴിയാതിരുന്നത് ചെറിയ നഷ്ടമല്ല വരുത്തിവെച്ചത്.  അത്രയും പാടത്തെ വിത്ത് 30 ടണ്ണായിരുന്നു. സര്‍ക്കാറിന്‍െറ വിലപ്രകാരം ഇതിന് 12,30,000 രൂപ വരും. വിതക്കൂലിയായിത്തന്നെ 3,60,000 രൂപ. ഏക്കറിന് പ്രാഥമിക ചെലവായി വന്നത് 7000ത്തോളം രൂപ. അതെല്ലാം നഷ്ടമായി.

കുട്ടനാട് ഡി ബ്ളോക്കിലെ പുത്തനാറായിരം കായലില്‍ നവംബര്‍ അവസാനമുണ്ടായ മടവീഴ്ച
 

പ്രാഥമിക സഹകരണസംഘങ്ങളിലും മറ്റും കൃഷിവായ്പയും സ്വര്‍ണപ്പണയ വായ്പയും ഉപയോഗപ്പെടുത്തിയാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിചെയ്തത്. കറന്‍സി ക്ഷാമവും കടുത്ത നിബന്ധനയും വന്നപ്പോള്‍ ഭൂരിഭാഗം കര്‍ഷകരും ഇത് അടച്ചിട്ടില്ല. ഓരോ കൃഷികാലയളവും അതായത് ആറുമാസത്തിനുള്ളില്‍ വായ്പ തിരിച്ചടച്ചാല്‍ മാത്രമേ പലിശയിളവ് ലഭിക്കൂ. ഇപ്പോള്‍ കര്‍ഷകര്‍ക്ക് ആ ആനുകൂല്യം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് കൈനകരിയിലെ വലിയകരി പാടശേഖര സമിതി സെക്രട്ടറി ടി.സി. ജയന്തന്‍ പറഞ്ഞു.

 

കടം പറഞ്ഞ് പുഞ്ചകൃഷി

നോട്ട് ക്ഷാമത്തോട് കൃഷിപ്പണിക്കാരും സഹകരിക്കുന്നതിന്‍െറ മാതൃകയും കുട്ടനാടന്‍ പുഞ്ചയില്‍ കാണാം. ബാങ്കില്‍നിന്ന് പണമെടുക്കാന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുമായി കടം ഇടപാടിലാണ് കൃഷി മുന്നോട്ടുകൊണ്ടുപോകുന്നത്. പകുതികൂലി കൊടുക്കുന്നവരുമുണ്ട്.

പുതിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ കര്‍ഷകരോട് സഹകരിക്കുകയാണെന്ന് കര്‍ഷകനായ തോംസണ്‍ കാളാശ്ശേരി പറഞ്ഞു. പാട്ടത്തിന് നിലമെടുത്ത് കൃഷി ചെയ്യുന്നവരാണ് ഇപ്പോള്‍ കുട്ടനാട്ടില്‍ കൂടുതല്‍. അവര്‍ക്ക് നിലമുടമക്ക് മുന്‍കൂറായി പാട്ടത്തുക നല്‍കാനും കഴിയുന്നില്ല.
 വട്ടിപ്പലിശക്കാരുടെയും നാട്ടിലെ സ്വകാര്യ പണമിടപാടുകാരുടെയും സഹായംകൊണ്ടാണ് ഇപ്പോള്‍  പിടിച്ചുനില്‍ക്കുന്നത്. കൃഷിയും കര്‍ഷകനും പ്രാഥമിക സഹകരണസംഘങ്ങളും ഒരു ചരടുപോലെ കഴിഞ്ഞ കുട്ടനാട്ടില്‍ കറന്‍സി നിരോധനം അതിനെ പല തട്ടിലാക്കിയിരിക്കുന്നു.


                                               (തുടരും)

 

Tags:    
News Summary - remainings of demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.