സുഭാഷ്​ ചന്ദ്രബോസ്​ വിളിച്ചു, ക്രിസോസ്​റ്റം ദൈവവേലക്കിറങ്ങി

ക്രിസ്​തുവി​െൻറ വിളി കേട്ടിട്ടായിരുന്നില്ല ഫിലിപ്പോസ്​​ മാർ ക്രിസോസ്​റ്റം ദൈവവേലക്കിറങ്ങിയത്​. സാക്ഷാൽ സുഭാഷ്​ ചന്ദ്രബോസ്​ വിളിച്ചിട്ടായിരുന്നു. അങ്ങനെ ഒരു വിളിക്കുത്തരം നൽകാൻ ക്രിസോസ്​റ്റവും സുഭാഷ്​ ചന്ദ്രബോസും തമ്മിൽ എന്താണ്​ ബന്ധം...?

1939ലായിരുന്നു ഫിലിപ്പോസ്​ മാർ ക്രിസോസ്​റ്റം ആലുവ യു.സി കോളജിൽനിന്ന്​ ബിരുദം പൂർത്തിയാക്കിയത്​. ആ സമയത്താണ്​ വടക്കൻ കർണാടകയിലെ അ​ങ്കോളയിൽ ആദിവാസികൾക്കിടയിൽ മാർത്തോമ സഭയുടെ സുവിശേഷകസംഘം മിഷൻ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്​. കോട്ടയം ജെറുസലേം മാർത്തോമ പള്ളി വികാരിയായിരുന്ന പി.ജെ. തോമസി​​െൻറ നേതൃത്വത്തിൽ അ​ങ്കോളയിലേക്ക്​ ​പോകുന്ന സംഘത്തിൽ രണ്ടു ചെറുപ്പക്കാർ കൂടി വേണമായിരുന്നു. അതിലൊരാളായി പി.ജെ. തോമസ്​ കണ്ടത്​ ക്രിസോസ്​റ്റത്തെയായിരുന്നു. പക്ഷേ, അതിന്​ ഒരു ഇൻറർവ്യുവിൽ പ​ങ്കെടുത്ത്​ യോഗ്യത തെളിയിക്കണമായിരുന്നു.

പക്ഷേ, ഇൻറർവ്യു സമയമായപ്പോൾ ക്രിസോസ്​റ്റത്തെ കടുത്ത പനി പിടികൂടി. പനിയായതിനാൽ ഇൻറർവ്യുവിന്​ എത്താനാവില്ലെന്ന്​ ക്രിസോസ്​റ്റത്തി​െൻറ പിതാവ്​ അധികാരികളെ അറിയിക്കുകയും ചെയ്​തു. അപ്പോഴാണ്​ ആ വാർത്ത ക്രിസോസ്​റ്റം കണ്ടത്​. കോൺഗ്രസ്​ പ്രസിഡൻറായ സുഭാഷ്​ ചന്ദ്രബോസിന്​ പനി പിടിച്ചെന്നും 104 ഡിഗ്രി പനിയിലും അദ്ദേഹം പാർട്ടി സംഘടിപ്പിച്ച വൻ റാലിയിൽ പ​ങ്കെടുത്തെന്നുമായിരുന്നു ആ വാർത്ത. സുഭാഷ്​ ചന്ദ്രബോസിന്​ അങ്ങനെ കർമനിരതനാകാമെങ്കിൽ എന്തുകൊണ്ട്​ തനിക്കും ആയിക്കൂടാ എന്നു ചിന്തിച്ച ക്രിസോസ്​റ്റം കടുത്ത പനിയുമായി ഇൻറർവ്യുവിൽ പ​​ങ്കെടുത്തു.

അപ്പൻ പനിയാണെന്നറിയിച്ചയാൾ ഇൻറർവ്യുവിനെത്തിയത്​ എങ്ങനെയെന്ന്​ ബോർഡംഗങ്ങൾ ചോദിക്കാതിരുന്നില്ല. യാഥാർഥ്യങ്ങൾ ക്രിസോസ്​റ്റം തുറന്നുപറഞ്ഞു. അപ്പോൾ ബോർഡിലൊരാൾ ചോദിച്ചു 'നീ ക്രിസ്​തുവിനെ കണ്ടാണോ ഇറങ്ങിയത്​, സുഭാഷ്​ ചന്ദ്രബോസിനെ കണ്ടാണോ ഇറങ്ങിയത്​..?'

ബോർഡിന്​ നേതൃത്വം നൽകിയ ഫാ. വി.പി. മാമ്മ​െൻറ മറുപടിയായിരുന്നു ചിന്തനീയം. 'നമ്മൾ പള്ളിയിലെ ദൈവത്തെ കണ്ടപ്പോൾ അവൻ മനുഷ്യരിലൂടെ ദൈവത്തെ കണ്ടു... ഇവനോടിനി കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ട..' അങ്ങനെയാണ്​ വൈദിക വൃത്തിയിലേക്ക്​ ആദ്യമായി ക്രിസോസ്​റ്റം തെരഞ്ഞെടുക്കപ്പെട്ടത്​.

പിന്നീട്​ കൂട്ടുകാർ കളിയാക്കി പറയുമായിരുന്നു 'ദൈവം വിളിച്ചതുകൊണ്ടല്ല ഫിലിപ്​ ഉമ്മൻ ദൈവവേലക്കിറങ്ങിയത്​, സുഭാഷ്​ ചന്ദ്രബോസ്​ വിളിച്ചിട്ടാണ്​...'

പോർട്ടറച്ചൻ

രാജ്യം സ്വതന്ത്രമായ നാളിലായിരുന്നു സംഭവം. നാട്ടിലേക്ക്​ മടങ്ങാനായി ക്രിസോസ്​റ്റം ജോലാർപേട്ട റെയിൽവേ സ്​റ്റേഷനിൽ എത്തുമ്പോൾ ട്രെയിൻ പോയിക്കഴിഞ്ഞിരുന്നു. പിന്നെയും നാലു മണിക്കൂർ കാത്തിരുന്നാലേ അടുത്ത ട്രെയിനുള്ളൂ. പെട്ടിയിൽ ചാരിയിരിക്കുമ്പോൾ റെയിൽവേ പോർട്ടർമാരുടെ ഒച്ചയും ബഹളവുമൊക്കെ അദ്ദേഹത്തി​െൻറ ശ്രദ്ധയിൽ പെട്ടു. യാത്രക്കാരോട്​ അമിതമായ കൂലി ചോദിക്കുന്ന പോർട്ടർമാർ. പ്രായമായവരോടും സ്​ത്രീകളോടുപോലും മയമില്ലാതെ പെരുമാറുന്നു. കിട്ടുന്ന കാശുമായി ചാരായക്കടയിലേക്ക്​ പോകുന്നു.

ഈ പോർട്ടർമാരെ ഉപദേശിക്കാൻ തന്നെ ക്രിസോസ്​റ്റം തീരുമാനിച്ചു. ഉപദേശമൊക്കെ കേട്ടുകഴിഞ്ഞപ്പോൾ തൊഴിലാളികളിൽ ഒരാൾ പറഞ്ഞു. 'സാറ്​ വലിയ പ്രസംഗമൊന്നും നടത്തണ്ട. പറ്റുമെങ്കിൽ ഒരുമാസം ഞങ്ങളുടെ കൂടെ വന്ന്​ താമസിച്ചുനോക്ക്​. അപ്പോൾ ഞങ്ങളനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലാകും'. അതൊരു വെല്ലുവിളിയായി ക്രിസോസ്​റ്റത്തിനു തോന്നി. നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചു. ജോലാർ​പേട്ടിനടുത്ത്​ തിരുപ്പത്തൂരിലെ ക്രൈസ്തവാശ്രമത്തിൽ താമസിച്ച്​ അദ്ദേഹം ഒരു പോർട്ടറായി തൊഴിലാളികൾക്കിടയിൽ താമസിച്ചു. ദിനവും റെയിൽവേ സ്​റ്റേഷനിൽ വന്ന്​ മറ്റുള്ളവരെ പോലെ പെട്ടിയെടുത്തു. കിട്ടിയ കൂലി മുഴുവൻ മറ്റു തൊഴിലാളികൾക്കു വീതിച്ചുകൊടുത്തു.

അവരിൽ പലരെയും തിരുത്താനും കുടുംബകാര്യങ്ങളിൽ ശ്രദ്ധയുള്ളവരാക്കാനും സ്വഭാവത്തിൽ മാറ്റം വരുത്താനും മദ്യപാനത്തിൽനിന്ന്​ പിന്തിരിപ്പിക്കാനും ഒരുമാസത്തെ പോർട്ടർ ജോലിയിലൂടെ ക്രിസോസ്​റ്റത്തിന്​ കഴിഞ്ഞു.

പോർട്ടർ പണിക്കുള്ള ലൈസൻസ്​ സംഘടിപ്പിച്ച്​ അവർക്കൊപ്പം സുവിശേഷ പ്രവർത്തനം നടത്തണമെന്ന്​ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സഭ സ്​നേഹത്തോടെ ആ ആവശ്യം നിരുത്സാഹപ്പെടുത്തുകയായിരുന്നു. പകരം കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളിലെ വികാരിയായി അദ്ദേഹത്തെ നിയമിച്ചു.

Tags:    
News Summary - remembering philipose mar chrysostom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.