കോട്ടയം: നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് ഇക്കുറി കോട്ടയം വിദ്യാഭ്യാസ ജില്ല സംസ്ഥാന സ്കൂൾ കായികോൽസവത്തിൽ പങ്കെടുക്കാൻ തൃശൂരിലേക്ക് പുറപ്പെടുന്നത്. അക്ഷരനഗരിയിൽനിന്നും സാംസ്കാരിക നഗരിയിലേക്ക് പുറപ്പെടുമ്പോൾ മുമ്പെങ്ങുമില്ലാത്ത പ്രതീക്ഷയിലാണ് കോട്ടയം. എറണാകുളവും പാലക്കാടും മാറിമാറി കരുത്ത് തെളിയിക്കുന്ന നിലയിലാണ് കഴിഞ്ഞ കുറച്ചുവർഷമായി സംസ്ഥാന കായികമേള.
എന്നാൽ, കോതമംഗലം സെന്റ് ജോർജിന്റെ പ്രകടനം മോശപ്പെട്ടതോടെ പാലക്കാടിന്റെ ആധിപത്യത്തിലേക്ക് കായികമേള മാറുന്നതാണ് കാണാൻ സാധിക്കുന്നത്. ഒരു കാലത്ത് കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിന്റേയും പാലാ സെന്റ് തോമസ് സ്കൂളിന്റെയും കരുത്തിൽ ചാമ്പ്യൻപട്ടം പലകുറി ഉയർത്തിയ കോട്ടയം ഇക്കുറി വളരെ ആത്മവിശ്വാസത്തോടെയാണ് ഈമാസം 16 മുതൽ 20 വരെ തൃശൂർ കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്നത്.
ഒരുകാലത്ത് കോട്ടയത്തെ ചാമ്പ്യനാക്കാൻ അഹോരാത്രം പ്രയത്നിച്ച കോരുത്തോടിന്റെ കായികാധ്യാപകനും ദ്രോണാചാര്യ അവാർഡ് ജേതാവുമായ കെ.പി. തോമസ് മാഷിന്റെയും അദ്ദേഹത്തിന്റെ മകൻ രാജാസിന്റെയും പരിശീലനത്തിൽ റവന്യൂ ജില്ല കായികമേള ജേതാക്കളായ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിന്റെ കരുത്തിലാണ് കോട്ടയത്തിന് വിശ്വാസം. 73 കുട്ടികളുമായി എത്തിയ കെ.പി. തോമസ് കായിക അക്കാദമി പൂഞ്ഞാർ സ്കൂളിന് നേടിക്കൊടുത്തത് 24 സ്വർണവും 23 വെള്ളിയും 26 വെങ്കലവുമുൾപ്പെടെ 215 പോയന്റാണ്.
പങ്കെടുത്തതിൽ രണ്ട് കുട്ടികൾക്കൊഴികെ മറ്റെല്ലാവർക്കും മെഡൽ ലഭിക്കുകയും ചെയ്തു. അക്കാദമി രൂപവത്കരിച്ചതിന് ശേഷം നടന്ന സ്കൂൾ കായികമേളയിൽ തുടർച്ചയായി മൂന്ന് വർഷം എസ്.എം.വി.എച്ച്.എസ്.എസിനെ ജേതാക്കളാക്കിയത് കെ.പി. തോമസിന്റെയും മകന്റെയും കഠിനപ്രയത്നമാണ്.
80 വയസ്സ് പിന്നിട്ടിട്ടും കായികമേഖലയോടുള്ള പ്രിയം ഒട്ടും കുറയാതെ തോമസ് മാഷ് രംഗത്തുണ്ട്. തന്റെ കുട്ടികൾ നേട്ടം കൈവരിക്കുമ്പോൾ അത് ആരോടുമുള്ള പ്രതികാരമല്ല, മറിച്ച് കുപ്പത്തൊട്ടിയിൽ നിന്നും മാണിക്യം കണ്ടെത്തുന്ന സന്തോഷമാണെന്ന് മാഷ് ’മാധ്യമ’ ത്തോട് പറഞ്ഞു. ഇത്തവണ പ്രതീക്ഷയുള്ള നിരവധി കുട്ടികളുണ്ട്. മുമ്പ് പോൾവാൾട്ടിൽ കുട്ടികളെ അക്കാദമി മൽസരിപ്പിച്ചിരുന്നില്ല.
ഇക്കുറി ആ ഇനത്തിലും കുട്ടികളെയിറക്കി മെഡൽ നേടിയെന്ന് പറയുമ്പോൾ അദ്ദേഹത്തിൽ പ്രകടമായത് ആത്മവിശ്വാസവും സന്തോഷവും. കായിക മേഖലയിൽ നിന്നും പല അംഗീകാരങ്ങളും ലഭിക്കുമ്പോഴും വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പ്രത്യേകിച്ച് സ്വന്തം ജില്ലയിൽ നിന്നും അതുണ്ടാകുന്നില്ലെന്ന പരിഭവവും അദ്ദേഹം മാറ്റിെവക്കുന്നില്ല. എന്നാൽ അതിലൊന്നും അദ്ദേഹത്തിന് പരാതിയുമില്ല. എന്തായാലും ഹാട്രിക് കിരീടം നേടിയ എസ്.എം.വി. സ്കൂളിന്റെ കുട്ടികൾ ഇക്കുറി കോട്ടയത്തിനായി അത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് മാഷും.
പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിന് കൂട്ടായി പാലായിലെ സെന്റ് തോമസ് എച്ച്.എസ്.എസും സെന്റ്മേരീസ് ഗേൾസ് എച്ച്.എസ്.എസുമുണ്ട്. ഹ്രസ്വദൂര ഓട്ടമൽസരങ്ങളിൽ പാലായുടെ കുത്തക നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഈ സ്കൂളുകളിലെ താരങ്ങൾ ജില്ല കായികമേളയിൽ പ്രകടിപ്പിച്ചത്. റിലേയിൽ രണ്ട് റെക്കോഡുൾപ്പെടെ വലിയ ആധിപത്യമാണ് പാലായിലെ സ്കൂളുകൾ സ്ഥാപിച്ചത്.
അതിന് പുറമെ 100,400 മീറ്റർ ഓട്ടമൽസരങ്ങളിലും അവരുടെ പ്രകടനം മികച്ചതായിരുന്നു. പാലാ അൽഫോൺസ അത്ലറ്റിക് അക്കാദമിയാണ് ഇരുസ്കൂളുകളുടേയും കായിക കരുത്ത്. പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിനൊപ്പം ഈ സ്കൂളുകളിലെ താരങ്ങൾ ഭരണങ്ങാനം സ്പോർട്സ് ഡിവിഷനിലെ കുട്ടികളും ചേരുമ്പോൾ അത്ഭുതം സൃഷ്ടിക്കാൻ ഇക്കുറി സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. സതീഷ്കുമാറിന്റെ പാലായിലെ ജംപ്സ് അക്കാദമിയും പല കുട്ടികളെയും പരിശീലിപ്പിച്ച് മൽസരത്തിനിറക്കുന്നുണ്ട്.
റവന്യു ജില്ല കായികമേളയിൽ പല ഇനങ്ങളിലും ശക്തമായ പോരാട്ടമാണ് പ്രകടമായത്. അതിനാൽ ഭാവിയിലെ വാഗ്ദാനമായേക്കാവുന്ന നിരവധി പേരെ ഈ മീറ്റിലൂടെ കണ്ടെത്താനും സാധിച്ചു. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലാ സെന്റ് തോമസിലെ വിഷ്ണു അജി, പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിന്റെ റോഷിൻ റോയ് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസിലെ ദേവിക ഗിരീഷ് ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ ആൻട്രീസ മാത്യു എന്നിവർ ഏറെ പ്രതീക്ഷ നൽകുന്നവരാണ്.
400 മീറ്റർ ഓട്ടമൽസരത്തിൽ റെക്കോർഡോടെയും 800 മീ.1500 മീറ്റർ മൽസരങ്ങളിൽ ഒന്നാംസ്ഥാനം നേടി വിഷ്ണു വ്യക്തിഗത ചാമ്പ്യനായാണ് തൃശൂരിലേക്ക് തിരിക്കുന്നത്. 110 മീ. ഹർഡിൽസ്, 100 മീ., ലോങ്ജമ്പ് എന്നിവയിലാണ് റോഷൻ ഒന്നാംസ്ഥാനം നേടിയത്. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ട്രിപ്പിൾജമ്പ്, ഹൈജമ്പ്, ലോങ് ജമ്പ് എന്നിവയിൽ ഒന്നാമതെത്തിയ ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസിലെ അഷ്ന ഷൈജു, 100 മീ, 400 മീ. ഹർഡിൽസുകൾ, 100 മീ.ഓട്ടംഎന്നിവയിൽ ഒന്നാംസ്ഥാനം നേടിയ എൻ.ആർ. പാർവതി എന്നിവർ ഭാവിയിലെ വാഗ്ദാനങ്ങളാണെന്ന് തെളിയിക്കുകയാണ്.
ജൂനിയർ ആൺകുട്ടികളുടെ 1500 മീ. 400മീ., 800 മീറ്റർ മൽസരങ്ങളിൽ ഒന്നാമതെത്തിയ പാലാ സെന്റ് തോമസ് എച്ച്.എസ്.എസിലെ മുഹമ്മദ് സ്വാലിഹ് സബ്ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ നോബിൾ ബിനോയ്, ഇതേ സ്കൂളിലെ അനീറ്റ ആന്റണി എന്നിവരും സംസ്ഥാന കായികമേളയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവക്കാൻ സാധിക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.