തിരുവനന്തപുരം: സംസ്ഥാനത്ത് ലൈസൻസ് പുതുക്കലിന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ 200 രൂപയെങ്കിലും ഈടാക്കുന്നത് 400 രൂപ. ലൈസൻസ് കാർഡ് പ്രിന്റ് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും സർവിസ് ഫീസായി 200 രൂപ തുടരുന്നതാണ് നിരക്ക് വർധിക്കാൻ കാരണം. നവംബർ ഒന്നുമുതൽ ലൈസൻസ് കാർഡ് ഡിജിറ്റലായി സൂക്ഷിച്ചാൽ മതിയെന്ന് വ്യവസ്ഥചെയ്ത് ഗതാഗത വകുപ്പ് തയാറാക്കിയ ഉത്തരവിലാണ് പുതുക്കലിന് 200 രൂപയെന്ന് കൃത്യമായി പറയുന്നത്. നവംബർ ആറിനാണ് ഈ ഉത്തരവിറങ്ങിയത്. എന്നാൽ നവംബർ 18 ന് ലൈസൻസ് പുതുക്കാൻ പോർട്ടൽ വഴി അപേക്ഷിച്ചവരിൽ നിന്നും സർവിസ് ചാർജടക്കം 400 രൂപയാണ് ഈടാക്കിയത്. ഉത്തരവിലാകട്ടെ പുതുക്കൽ ഫീസല്ലാതെ സർവിസ് ചാർജിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഫലത്തിൽ സർവിസ് ചാർജ് നിജപ്പെടുത്താതെയും പരാമർശിക്കാതെയും എത്രയും തുക ഈടാക്കാനുള്ള പഴുത് ശേഷിപ്പിക്കുകയായിരുന്നു. ഉത്തരവ് ഇറങ്ങിയതേയുള്ളൂവെന്നും ഇത് എൻ.ഐ.സിക്ക് കൈമാറിയശേഷം അവരാണ് പോർട്ടലിൽ മാറ്റം വരുത്തേണ്ടതെന്നുമുള്ള വിചിത്ര വാദമാണ് മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുവെക്കുന്നത്.
അധികം ഫീസ് ഈടാക്കുന്നത് എന്ന് അവസാനിക്കും എന്നതിന് കൃത്യമായ മറുപടിയില്ല. ഒപ്പം, ഇക്കാലയളവിൽ അധികമായി വാങ്ങുന്ന സർവിസ് ചാർജ് മടക്കി നൽകുമോ എന്നതും വ്യക്തമല്ല. ഡ്രൈവിങ് ലൈസൻസ് അച്ചടി അവസാനിപ്പിച്ച് ഡിജിറ്റൽ കാർഡിലേക്ക് മാറിയെങ്കിലും സർവിസ് ചാർജിനത്തിൽ കിട്ടിയിരുന്ന വരുമാനം നഷ്ടപ്പെടാതിരിക്കാനാണ് ഈ കുറുക്കുവഴി നീക്കമെന്നാണ് വിമർശനം.
ലൈസൻസ് പുതുക്കുന്നതിന് മുമ്പ് 60 രൂപയായിരുന്നു സർവിസ് ചാർജ്. എന്നാൽ നവംബർ ഒന്ന് മുതൽ പ്രിൻറിങ് ചാർജും തപാൽ ചാർജും ഒഴിവാക്കിയെങ്കിലും സർവിസ് ചാർജ് ഒറ്റയടിക്ക് 60ൽനിന്ന് 200 രൂപയാക്കി ഉയർത്തുകയായിരുന്നു. കാർഡിന്റെ പേരിൽ 200 രൂപയാണ് നേരത്തെ ഈടാക്കിയിരുന്നത്. ഇതിൽ 60 രൂപ അച്ചടിക്കുന്ന പ്രിന്റിങ് ഏജൻസിക്കും 140 രൂപ സർക്കാറിനുമായിരുന്നു കിട്ടിയിരുന്നത്. അച്ചടി നിർത്തിയെങ്കിലും സർക്കാറിന് ഈ വഴി ലഭിച്ചിരുന്ന 140 രൂപ സർവിസ് ചാർജിൽ ഉൾപ്പെടുത്തിയതാണ് നിരക്ക് കൂടാൻ കാരണം. ഫലത്തിൽ മോട്ടോർ വാഹന വകുപ്പിന് ഒരു രൂപയുടെ അധിക ചെലവ് പോലുമില്ലാത്ത നടപടിക്കാണ് ഒറ്റയടിക്ക് 140 രൂപ വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.