തിരുവനന്തപുരം: സി.എം.ആർ.എല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ സ്വീകരിച്ച തുകയില്‍ ഐ.ജി.എസ്.ടി അടച്ചില്ലെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ആരോപണമുയര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് നീളുന്നതെന്നാണ് വിവരം.
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധന സെക്രട്ടറി അടക്കമുള്ളവരെ ചുമതലപ്പെടുത്തിയതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഉയര്‍ന്ന പരാതിയിലെ ഐ.ജി.എസ്.ടി അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ജനങ്ങളെ അറിയിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.
എക്‌സാലോജിക് കമ്പനിക്ക് സി.എം.ആർ.എല്ലില്‍നിന്നു ലഭിച്ച 1.72 കോടിയുടെ ഐ.ജി.എസ്.ടി അടച്ചില്ലെന്നാണ് മാത്യു കുഴല്‍നാടന്‍ എം.എൽ.എ ആരോപിച്ചത്. ഒരുമാസം മുമ്പ് ഇദ്ദേഹം ഇതു സംബന്ധിച്ച പരാതിയും നല്‍കി. 45 ലക്ഷം രൂപയുടെ നികുതി അടച്ചിട്ടുണ്ടെന്നാണ് ചില രേഖകള്‍ വ്യക്തമാക്കുന്നത്. ബാക്കി തുകയുടെ ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്നാണ് അന്വേഷണത്തില്‍ വ്യക്തമാക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.