കെ.എച്ച്.ആർ.ഡബ്ല്യു.എസിലെ വരുമാനത്തിൽ കോടിക്കണക്കിന് രൂപയുടെ ചോർച്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട് : കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിലെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) വരുമാനത്തിൽ കോടിക്കണക്കിന് രൂപയുടെ ചോർച്ചയെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. കെ.എച്ച്.ആർ.ഡബ്ല്യു.എസിന് കീഴിൽ വിവിധ ആശുപത്രികളിൽ പ്രവർത്തിക്കുന്ന പേവാർഡുകളുടെ വരുമാനത്തിൽ വൻതട്ടിപ്പ് നടക്കുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പേവാർഡുകളിൽ നിന്നും വാടകയിനത്തിൽ പ്രതിവർഷം ലഭിക്കേണ്ട വരുമാനം 20.67 കോടി രൂപയാണ്. എന്നാൽ, 2015-16 ൽ 11.02 കോടി രൂപയും 2016-17 ൽ 13.80 കോടിയുമാണ് ലഭിച്ചത്. മുറി ഒഴിഞ്ഞു കിടക്കുന്നതുവഴിയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതവഴിയുണ്ടാകുന്ന വരുമാന നഷ്ടം 20 ശതമാനമായി കണക്കാക്കിയാൽ പോലും 2015-16 വർഷത്തിൽ 5.52 കോടി രൂപയുടെയും 2016-17ൽ 2.73 കോടിയുടെയും വരുമാന ചോർച്ചയുണ്ടായി.

തിരുവനന്തപുരം മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേവാർഡുകൾ ഒരു മുറിപോലും ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകാറില്ല. എന്നാൽ, ലഭിക്കേണ്ട വരുമാനം പൂർണമായും കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ അക്കൗണ്ടിൽ എത്തുന്നില്ല.

ഒരു വർഷത്തിൽ തിരുവനന്തപുരം മെഡിക്കൽ കേളജിന്റെ വാർഡുകളിലും കാത്ത് ലാബ് വാർഡിലുമായി പ്രതിവർഷം ലഭിക്കേണ്ട തുക 3.43 കോടി രൂപയാണ്. എന്നാൽ, 2015-16 ൽ 89,83,808 രൂപയും 2016-17 ൽ 95,83,704 രൂപയാണ് ലഭിച്ചത്. അതായത് ഈ വർഷങ്ങളിൽ 2.53 കോടിരൂപയുടെയും 2.47 കോടി രൂപയുടെയും വരുമാന ചോർച്ചയുണ്ടായി.

ആശുപത്രികളിൽ ജോലിചെയ്യുന്ന ക്ലാക്കുമാർ വാടക തുക ശേഖരിച്ച് അതാത് ആശുപത്രികളിലെ, സെക്രട്ടറി വഴി കെ.എച്ച്.ആർ ഡബ്ല്യു.എസിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് നിലവിലുള്ളത്. ആശുപത്രിയിലെ സെക്രട്ടറിമാർ പേവാർഡുകളിൽനിന്നും ലഭിക്കുന്ന വരുമാനം പൂർണമായും കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് യാതൊരു സംവിധാനവും നിലവിലില്ല.

അറ്റകുറ്റപ്പണികൾ നടക്കുന്ന കാലയളവിൽ അഞ്ചും ആറും റൂമുകൾ അടച്ചിടുകയാണ് പതിവ്. അത് സംബന്ധിച്ച യാതൊരു വിവരങ്ങളും മാനേജിംഗ് ഡയറക്ടർ ഓഫീസിൽ ലഭ്യമല്ല. വർഷത്തിൽ അറ്റകുറ്റപ്പണികൾക്കായി മുറികൾ അടച്ചിടുന്നതിൽ ഉണ്ടായ വരുമാനനഷ്ടം ആകെ ലഭിക്കേണ്ട വരുമാനത്തിന്റെ 20 ശതമാനം എന്ന് കണക്കാക്കിയാൽ പോലും ഭീമമായ വരുമാനനഷ്ടം സംഭവിച്ചു.

ഭാവിയിൽ ഇത്തരത്തിൽ വരുമാനനഷ്ടം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനായി പേവാർഡുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ അത് സമയബന്ധിതമായി പൂർത്തീകരിച്ച് മുറികൾ ഉപയോഗ യോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്

Tags:    
News Summary - Report of leakage of billions of rupees in KHRWS revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.