കോഴിക്കോട്: കാസർകോട് ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി എൻ. ശൈലേന്ദ്രനും മുൻ അസിസ്റ്റന്റ് പ്രദീപ് എ. ഫെർണാണ്ടിനും എതിരെ നടപടി സ്വീകരിക്കണമെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. 2018-19, 2019-20 വർഷങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തിയത്.
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി 16ഓളം പദ്ധതികളാണ് ആവിഷ്ക്കരിച്ചത്. ഈ പദ്ധതികൾ എല്ലാ സർക്കാർ ഉത്തരവിന് വിരുദ്ധമായും, സ്റ്റോർ പർച്ചേസ് നിയമങ്ങൾ പാലിക്കാതെയുമാണ് നടപ്പാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തെരുവ് വിളക്കുകളുടെ വിതരണം, സ്ഥാപിക്കൽ, പരിപാലനം എന്നിവ സംബന്ധിച്ച പദ്ധതികൾ 2018-19 സാമ്പത്തിക വർഷം ആരംഭിക്കുകയും 2019-20 സാമ്പത്തിക വർഷത്തിൽ സ്പിൽ ഓവർ പദ്ധതിയായി വീണ്ടും സിഡ്കോ എന്ന സ്ഥാപനത്തിനു തന്നെ കരാർ ഏൽപ്പിച്ചതും നിർവഹണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ബോധപൂർവമായ വീഴ്ച്ചയാണെന്ന് പരിശോധനയിൽ വ്യക്തമായി.
പൂർത്തീകരിച്ച പദ്ധതികളുടെ ചെലവ് ഇനത്തിൽ 25,62,030 രൂപ സിഡ്കോ എന്ന സ്ഥാപനത്തിന് ഗ്രാമപഞ്ചായത്ത് നൽകുവാനുണ്ട്. സ്ഥാപിച്ച മിക്ക വിളക്കുകൾളും പ്രകാശിക്കുന്നില്ല. വിളക്കുകൾ എവിടെയെല്ലാം സ്ഥാപിച്ചു എന്നതിന്റെ രേഖകളില്ല. ടെണ്ടർ നടപടികൾ പാലിക്കാതെയും സർക്കാർ ഉത്തരവുകൾ ലംഘിച്ചും നടപ്പിലാക്കിയ ഈ പദ്ധതികൾക്ക് സർക്കാർ ഫണ്ടിൽനിന്നും തുക അനുവദിക്കരുതെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
ഗ്രാമപഞ്ചായത്തിൽ 2018-19, 2019-20 വർഷങ്ങളിൽ സിഡ്കോ മുഖേന സ്ഥാപിച്ച തെരുവ് വിളക്കുകളിൽ കേടുപാടുകൾ സംഭവിച്ച വിളക്കുകൾ കണ്ടെത്തി അവ നന്നാക്കുവാനും സ്ഥാപിച്ച വിളക്കുകളുടെ ഗുണനിലവാരം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പരിശോധനാക്കുറിപ്പിന് മറുപടി നൽകാതെ നിസഹകരണ മനോഭാവമാണ് ബദിയഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ എ. പ്രദീപൻ സ്വീകരിച്ചത്. ധനകാര്യ പരിശോധനാ വിഭാഗത്തിന് മതിയായ വിവരങ്ങൾ നൽകാതിരുന്നത് ഗുരുതര അച്ചടക്ക ലംഘനമാണ്. ഈ വിഷയത്തിൽ ഭരണവകുപ്പ് ഒരു തവണ താക്കീത് നൽകിയിട്ടും വീണ്ടും ഇതേ നിസഹകരണ മനോഭാവം ആവർത്തിച്ച സാഹചര്യത്തിൽ ഭരണവകുപ്പ് കർശനമായ നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.