കെ.എച്ച്.ആർ.ഡബ്ല്യു.എസ് എം.ഡി കണക്കില്ലാതെ ചെലവഴിച്ച തുക തിരിച്ചുപിടിക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട്: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) എം.ഡി കണക്കില്ലാതെ ചെലവഴിച്ച തുക തിരിച്ചുപിടിക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. എം.ഡി ജി. അശോക് ലാൽ ഗവേണിങ് ബോഡിയുടെയോ സർക്കാറിന്റെയോ അനുമതിയില്ലാതെ രഹസ്യ പണമിടപാട് നടത്തുന്നതിനായി കോർപറേഷൻ ബാങ്കിന്റെ പാപ്പനംകോട് ശാഖയിൽ 2016 നവംബർ 19ന് പ്രത്യേക അക്കൗണ്ട് തുടങ്ങിയെന്ന് പരിശോധയിൽ കണ്ടെത്തി. മാനേജിങ് ഡയറക്ടർ എന്ന പദവി ദുർവിനിയോഗം ചെയ്തായിരുന്നു അക്കൗണ്ട് തുടങ്ങിയത്.

ഈ അക്കൗണ്ടിലെ പണമിടപാടുകളുടെ വിവരങ്ങൾ ഒന്നും കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ ഓഫിസിൽ അറിയിക്കുകയോ പരിശോധനകൾക്ക് വിധേയമാക്കുകയോ ചെയ്തിട്ടില്ല. 2016 നവംബർ 19 മുതൽ 2018 മാർച്ച് 31 വരെ അക്കൗണ്ടിൽനിന്ന് 9.52 ലക്ഷം രൂപ ചെലവഴിച്ചു.


ഇത് സംബന്ധിച്ച് വൗച്ചറുകളോ സ്റ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല. അതിനാൽ ഈ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. അക്കൗണ്ടിൽ അവശേഷിക്കുന്ന തുക സർക്കാറിലേക്ക് തിരിച്ചടക്കുകയും അക്കൗണ്ട് ക്ലോസ് ചെയ്യുകയും വേണം.

ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പ്രകാരം അക്കൗണ്ടിൽ 2019 മാർച്ച് 31 വരെയുള്ള കാലയളവിൽ 10,38,352 രൂപ വരവുണ്ട്. ഈ തുകയുടെ വ്യക്തമായ കണക്ക് എം.ഡി നൽകിയിട്ടില്ല. എന്നാൽ, സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോൾ വിവിധ കമ്പനികളിൽ നിന്നും ബാങ്ക് അക്കൗണ്ടുകളിൽ നിന്നും നേരിട്ട് ക്രെഡിറ്റ് ചെയ്തിട്ടുള്ള തുകകളാണെന്ന് വ്യക്തമായി.

2016 നവംബർ 19 മുതൽ 2018 മാർച്ച് 31 വരെ ഈ അക്കൗണ്ടിൽ നിന്ന് ചെലവായ തുക 9,52,270 രൂപയാണ്. ദിനേഷ് ഓഫ് സെറ്റ് പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിന് 3,67,540 രൂപ ട്രാൻസ്ഫർ ചെയ്ത് നൽകിയിട്ടുണ്ട്. ഈ തുക എന്ത് ആവശ്യത്തിന് നൽകി എന്നതിന് അശോക് ലാലിന് വ്യക്തമായ ഉത്തരം നൽകാൻ സാധിച്ചിട്ടില്ല.

2016 ഡിസംബർ 29ന് അരുൺ കുമാറിന് ചെക്ക് പ്രകാരം 8,000 രൂപ നൽകിയിട്ടുണ്ട്. അതും എന്ത് ആവശ്യത്തിനാണ് എന്നതിൽ വ്യക്തതയില്ല. 2018 മാർച്ച് 31 വരെ 5,44,253 രൂപ അശോക് ലാൽ സ്വന്തം ചെക്ക് വഴി പിൻവലിച്ചു.

ഇങ്ങനെ പിൻവലിച്ച 5,44,25 രൂപയിൽ നിന്നും 2018 വർഷത്തെ ഡയറികൾ അടിക്കുന്നതിനായി 4,00,000 രൂപ ശിവകാശിയിലുള്ള ദിനേഷ് ഓഫ് സെറ്റിന് നൽകിയിട്ടുള്ളതായി കൈപ്പറ്റ് രസീതുണ്ട്. ഈ തുക ചെക്ക് അല്ലെങ്കിൽ ഡി.ഡി വഴി പ്രസിന് നൽകാത്തതിന്റെ വിശദീകരണം തേടിയപ്പോൾ, ജി.എസ്.ടി മുഖേന ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് പണമായി കൈമാറിയതെന്ന മറുപടിയാണ് ലഭിച്ചത്. സർക്കാർ സർവിസിലിരുന്ന് സർക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം തടയുകയാണ് എം.ഡി ചെയ്തതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.  

Tags:    
News Summary - Report that KHRWS MD should recover the amount spent without accounting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.