സംവരണവും സ്കോളർഷിപ്പും: സർക്കാർ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം -മെക്ക

കൊച്ചി: പിന്നാക്ക സംവരണം, ന്യൂനപക്ഷ സ്കോളർഷിപ്പ്, മുന്നാക്ക സംവരണം എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന ഇരട്ടത്താപ്പ് നയവും പിന്നാക്ക വിരുദ്ധ സമീപനവും അവസാനിപ്പിക്കണമെന്ന് മെക്ക സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പത്തു ശതമാനം മുന്നാക്ക സംവരണം യാതൊരു പഠനവും സ്ഥിതിവിവര കണക്കുകളും ഇല്ലാതെ നടപ്പാക്കിയ സർക്കാർ, മെഡിക്കൽ - ദന്തൽ പി.ജി കോഴ്സുകൾ അടക്കം ഉന്നതവിദ്യാഭ്യാസത്തിന് പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ കാര്യത്തിൽ വർഷങ്ങളായി തുടരുന്ന വിവേചനവും അനീതിയും അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിൽ യാതൊരുവിധ ആത്മാർത്ഥമായ നടപടികളും സ്വീകരിക്കാത്തത് ഇരട്ടത്താപ്പും വഞ്ചനയും പിന്നാക്ക ദ്രോഹവുമാണെന്ന് യോഗം വിലയിരുത്തി.

മെഡിക്കൽ - ദന്തൽ പി.ജി പ്രവേശനത്തിന് കേന്ദ്രസർക്കാർ 27 ശതമാനം ഏർപ്പെടുത്തി ഉത്തരവായിട്ടും സംസ്ഥാന സർക്കാർ ഇപ്പോഴും പിന്നാക്ക-എസ്​.ഇ.ബി.സി സംവരണം ഒമ്പതു ശതമാനത്തിൽ തന്നെ നിലനിർത്തിയിരിക്കുകയാണ്.

സ്കോളർഷിപ്പ് വിഷയത്തിൽ ഹൈകോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന സർക്കാർ തീരുമാനം മൂന്ന് മാസമായിട്ടും നടപ്പാക്കാതെ, നാടാർ ക്രിസ്ത്യൻ സംവരണ കാര്യത്തിൽ മൂന്നു ദിവസത്തിനകം അപ്പീൽ നൽകിയത് ക്രിസ്ത്യൻ പ്രീണനവും മുസ്‌ലിം വിവേചനവും വെളിപ്പെടുത്തുന്ന ഏറ്റവും അവസാനത്തെ ഉദാ ഹരണം മാത്രമാണ്​. എൽ.ഡി.എഫ് സർക്കാറിന്‍റെ മുസ്‌ലിം ന്യൂനപക്ഷ വിരുദ്ധ സമീപനം തിരുത്തണമെന്ന് മെക്ക ഒരിക്കൽകൂടി അഭ്യർത്ഥിച്ചു.

അനാഥാലയങ്ങളിലെ അന്തേവാസികൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണം. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പ്രീ മെട്രിക് സ്കോളർഷിപ്പിന്​ വില്ലേജ്​ ഓഫിസറുടെ വരുമാന സർട്ടിഫിക്കറ്റ് തന്നെ ഹാജരാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിലെ അപാകതകൾ പരിഹരിക്കാൻ തയാറാവണമെന്നും മെക്ക ആവശ്യപ്പെട്ടു.

പ്രസിഡന്‍റ്​ പ്രഫ. ഇ. അബ്​ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ട്​ അവതരിപ്പിച്ചു. ഭാരവാഹികളായ എ.എസ്.എ റസാഖ്, സി.ബി. കുഞ്ഞുമുഹമ്മദ്, എം.എ. ലത്തീഫ്, കെ.എം. അബ്​ദുൽ കരീം, സി.എച്ച്. ഹംസ മാസ്റ്റർ, എൻജിനീയർ എൻ.സി. ഫാറൂഖ്, ടി.എസ്. അസീസ്, എ. മഹ്​മൂദ്, അബ്​ദുസ്സലാം ക്ലാപ്പന, എം. അഖ്​നിസ്, എ.ഐ. മുബീൻ, സി.ടി. കുഞ്ഞയമു, എം.എം. നൂറുദ്ദീൻ, ഉമർ മുള്ളൂർക്കര തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Reservation and Scholarship: Government must end double standards - Meca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.