തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ വീണ്ടും മന്ത്രിയാക്കാൻ സാധ്യത. മന്ത്രി എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതു സംബന്ധിച്ച് അടുത്ത സി.പി.എം സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. മന്ത്രിസഭ അഴിച്ചുപണിക്ക് സംസ്ഥാന സമിതി അംഗങ്ങൾ അനുമതി നൽകിയതായാണ് വിവരം. സ്പീക്കർ എം.ബി. രാജേഷിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നും റിപ്പോർട്ടുണ്ട്. എ.സി. മൊയ്തീനെ മന്ത്രിസഭയിലെടുക്കുന്നതും പരിഗണനയിലുണ്ട്.
അതോടൊപ്പം വീണ ജോർജ് സ്പീക്കറാകുമെന്നും റിപ്പോർട്ടുണ്ട്. പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം വരാൻ സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ ഗോവിന്ദൻ മന്ത്രിസ്ഥാനമൊഴിയും. തദ്ദേശ സ്വയംഭരണവും എക്സൈസുമാണ് ഗോവിന്ദെൻറ വകുപ്പുകൾ.
മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന ആരോപണവും മന്ത്രിസഭ അഴിച്ചുപണിക്ക് ഒരു കാരണമാണ്. മന്ത്രിമാരിൽ ചിലർക്കെതിരെ സി.പി.എമ്മിനുള്ളിൽ തന്നെ വിമർശനമുയർന്നിരുന്നു. ഘടകകക്ഷിയായ സി.പി.ഐയും വിമർശനമുന്നയിച്ചിരുന്നു. എല്ലാ വകുപ്പുകളുടെയും നിയന്ത്രണം മുഖ്യമന്ത്രി കൈയടക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.