വൈത്തിരി: റിസോർട്ടുകളിലും ഹോട്ടലുകളിലും മതിയായ രേഖകളില്ലാതെ വിദേശികളെ താമസിപ്പിക്കുന്നതിനെതിരെ വൈത്തിരി പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു റിസോർട്ട് മാനേജർമാർ അറസ്റ്റിൽ. ലക്കിടിയിലെ താസ ഹോട്ടൽ മാനേജർ റെജിഎബ്രഹാമിനെയും വൈത്തിരി റിസോട്ടു മാനേജർ ഗോപാലകൃഷ്ണനെയും പോലീസ് അറസ്റ്റു ചെയ്തു. താസ ഹോട്ടെലിൽ മൂന്നു ഫ്രഞ്ചുകാരെയും ഒരു ഇറ്റലിക്കാരനെയും വൈത്തിരി റിസോർട്ടിയിൽ രണ്ടു ഒമാനികളെയും ഒരു സ്വിസ്സർലാന്റുകാരനെയുമാണ് മതിയായ രേഖകളില്ലാതെ താമസിപ്പിച്ചത്.
ഇരുവരെയും രണ്ടാഴ്ചക്കു കൽപ്പറ്റ സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. വിദേശികൾക്ക് താമസ സൗകര്യമൊരുക്കുമ്പോൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ വിവരമറിയിക്കുകയും നിർദ്ദിഷ്ട അപേക്ഷ ഫോറം വിദേശികളുടെ വിവരങ്ങളോടെ പോലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കുകയും വേണം. എന്നാൽ പല റിസോർട്ടുകളും ഹോം സ്റ്റേകളും ഈ പതിവ് തെറ്റിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം കൽപ്പറ്റയിലെ ഒരു പ്രമുഖ റിസോർട്ടിനെതിരെ പൊലീസ് നടപടിയെടുത്തിരുന്നു. വിദേശികൾ വന്നു താമസിക്കുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരിലെത്താതെ പോകുന്നതാണ് ഏറ്റവും വലിയ പ്രശ്നം. നൂറു കണക്കിന് വിദേശികൾ ജില്ലയിലെത്തുന്നുണ്ടെങ്കിലും ഇവരുടെയൊന്നും മതിയായ വിവരങ്ങൾ ആരുടെ പക്കലുമില്ലെന്നതാണ് സത്യം.
ഇതിനിടെ ജില്ലയിലെ പ്രമുഖ റിസോർട്ടുകളിലൊന്നായ ജംഗിള് പാർക്ക് റിസോർട്ടിന് വൈത്തിരി പോലീസ് സ്റ്റോപ് മെമോ നൽകി. മതിയായ രേഖകളില്ലാതെയാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. പരിശോധനക്ക് വൈത്തിരി എസ്ഐ കെ.പി. രാധാകൃഷ്ണൻ, പ്രെബേഷനറി എസ്ഐ റഫീഖ്, എ.എസ്.ഐ പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.