‘കെ.സി.ബി.സി പ്രതികരണം കാട്ടുപോത്ത് കാണിച്ചതിനേക്കാൾ വലിയ ക്രൂരത’; വിവാദമായപ്പോൾ തിരുത്തുമായി വനംമന്ത്രി, നിശ്ശബ്ദരാക്കാൻ നോക്കേണ്ടെന്ന് ക്ലീമിസ് ബാവ

കോഴിക്കോട്: കാട്ടുപോത്ത് ആക്രമണത്തിൽ കെ.സി.ബി.സിയുടെ പ്രതികരണത്തോടുള്ള തന്റെ പ്രസ്താവന വിവാദമായതോടെ തിരുത്തി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കാട്ടുപോത്ത് കർഷകരോട് കാണിച്ചതിനേക്കാൾ വലിയ ക്രൂരതയാണ് ചിലർ കർഷകരുടെ മൃതദേഹം വെച്ച് നടത്തുന്നതെന്നും കെ.സി.ബി.സി അവരുടെ പാരമ്പര്യം മറന്നുപോയോയെന്ന് പരിശോധിക്കണമെന്നുമുള്ള പ്രസ്താവനയാണ് മന്ത്രി പിന്നീട് തിരുത്തിയത്.

കെ.സി.ബി.സി പ്രസിഡന്റ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും കേരള കോൺഗ്രസ് മാണി വിഭാഗവുമെല്ലാം പ്രസ്താവനക്കെതിരെ തിരിഞ്ഞതോടെയാണ് തിരുത്തൽ. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഘർഷ രഹിതമായാണ് സമരങ്ങൾ നടത്തേണ്ടത്. കെ.സി.ബി.സിക്ക് പ്രകോപനപരമായ നിലപാട് ഇല്ലെന്ന് വ്യക്തം. ആരൊക്കെയാണ് സമരത്തിന് പിന്നിലെന്ന് വ്യക്തമല്ല. ജനത്തെവെച്ച് ചർച്ച ചെയ്യാനാകില്ല. 

കാട്ടുപോത്തിന്റെ അപ്രതീക്ഷിത ആക്രമണം വേട്ടക്കാർ ഓടിച്ചതു കൊണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. അക്കാര്യത്തിൽ വ്യക്തതയില്ല. കെ.സി.ബി.സി പ്രകോപനപരമായ സമരങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ബിഷപ് പറഞ്ഞതിനുശേഷവും മൃതദേഹങ്ങൾ വെച്ചുകൊണ്ടുള്ള സമരത്തിൽ നിന്ന് പിൻമാറാൻ സമരസമിതിക്കാർ തയാറായിട്ടില്ല. അത്തരം സമരങ്ങളെ കെ.സി.ബിസി പിന്താങ്ങുന്നില്ലെന്നും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പറഞ്ഞത് തന്റെ നിലപാടിനെ സാധൂകരിക്കുന്നതാണ്. താമരശ്ശേരി ബിഷപ്പിനെ കാണാൻ സമയം ചോദിച്ചിട്ട് അനുമതി നിഷേധിച്ചോയെന്ന് പറയേണ്ടത് ബിഷപ്പാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം പലയിടത്തുമുണ്ട്. വിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്നും അതിനുശേഷം ഒരു പാനൽ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

നിശ്ശബ്ദരാക്കാൻ നോക്കേണ്ട –ക്ലീമിസ് ബാവ

തിരുവനന്തപുരം: കാട്ടുപോത്തിന്‍റെ ആക്രമണവുമായി ബന്ധപ്പെട്ട് വനംമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി കെ.സി.ബി.സി പ്രസിഡന്‍റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ. നിശ്ശബ്ദരാക്കാൻ നോക്കേണ്ടെന്നും ജനങ്ങൾക്കുവേണ്ടി സംസാരിക്കുമെന്നും പറഞ്ഞ അദ്ദേഹം, സർക്കാറിനോട് പൊതു ആവശ്യം ഉണർത്തിയെന്നതിൽ പ്രതിഷേധമോ അസ്വസ്ഥതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.

കെ.സി.ബി.സി നിലപാടിനെ മന്ത്രി വിമർശിച്ചിരുന്നു. ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിനാവശ്യമായ പക്വമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാമെന്ന് ഒരു വകുപ്പും ഭരണാധികാരിയും വിചാരിക്കേണ്ട. ജനങ്ങളുടെ ധാർമികമായ ഒരാവശ്യം മുന്നോട്ട് വെക്കുമ്പോൾ അതിനു പിറകിലെ യഥാർഥ കാരണം എന്താണെന്ന് തിരിച്ചറിയലാണ് പക്വതയുടെ ലക്ഷണം -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Response against KCBC; The forest minister corrected when there was a controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.