തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് സർക്കാർ. കോവിഡ് പരിശോധനകൾ വർധിപ്പിക്കും. നാളെയും മറ്റന്നാളുമായി രണ്ടരലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനാണ് തീരുമാനം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണമേർപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനങ്ങൾ.
വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികള്‍ എന്നിവക്ക് മുന്‍കൂര്‍ അനുമതി വേണം. അടച്ചിട്ട സ്ഥലത്തെ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 75ആയും തുറസ്സായ സ്ഥലത്തെ പരിപാടികളിൽ 150ആയും പരിമിതപ്പെടുത്തി.
ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായവരോ, രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കോ മാത്രമേ ഇനി ഷോപ്പിങ് മാളുകളിലും മാർക്കറ്റുകളിലും പ്രവേശനം അനുവദിക്കുകയുള്ളൂ. കണ്ടെയ്ൻമെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം തുടരണം.
സ്‌കൂള്‍ കുട്ടികള്‍ക്ക് ബസ് സൗകര്യം കൃത്യമായി ഏര്‍പ്പെടുത്താനും ട്യൂഷന്‍ സെന്‍ററുകളില്‍ ജാഗ്രത പുലര്‍ത്താനും നിർദേശമുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ പരിശോധിക്കും.
സംസ്ഥാനത്തിനായി കൂടുതൽ വാക്സിൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും. ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാക്കാനും തീരുമാനമായി. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ കേന്ദ്രങ്ങൾ വർധിപ്പിക്കുക.
വാക്സിൻ എത്തുന്ന മുറക്ക് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കും. ദിവസം രണ്ടര ലക്ഷം പേ വാക്സിനേഷന് വിധേയമാക്കാനാണ് തീരുമാനം. സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.സി.യുകളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച് പൊതു സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചിക്കുന്നുണ്ട്. ഓൺലൈനായി നടത്തിയ യോഗത്തിൽ മന്ത്രിമാരും ആരോഗ്യവിദഗ്ധരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടർമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.