കോട്ടയം: അധ്യയനവർഷം ഏപ്രിൽ അഞ്ചുവരെ നീട്ടിയത് ദീർഘവീക്ഷണവും മുന്നൊരുക്കങ്ങളുമില്ലാതെയെന്ന വിലയിരുത്തലിൽ അധ്യാപകർ. ജൂലൈ രണ്ടുമുതൽ ജനനദിവസം ഉള്ള അധ്യാപകർ സൂപർ ആന്വേഷൻ പീരിയഡ് പ്രകാരം മാർച്ച് 31ന് വിരമിക്കും. അതായത് 56 വയസ്സ് തികഞ്ഞ ശേഷവും അടുത്ത മാര്‍ച്ച് 31 വരെ സർവിസിൽ തുടരാനാവും. അധ്യയനവർഷത്തിന്റെ പകുതിയിൽ അധ്യാപകർ വിരമിക്കാറില്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത് അനുവദിക്കുന്നത്. അപ്പോഴെങ്ങനെ അഞ്ചുദിവസംകൂടി സർവിസിൽ തുടരുമെന്നാണ് അധ്യാപകർ ചോദിക്കുന്നത്.
അക്കാദമിക് കലണ്ടറിൽ മാറ്റം വരുത്തിയതുകൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാനാവില്ല. അധ്യാപകരുടെ സർവിസ് നീട്ടണമെങ്കിൽ നിയമഭേദഗതി വരുത്തണം. അധ്യാപക സംഘടനകളുമായി ചർച്ച നടത്തിയിരുന്നെങ്കിൽ ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപെടുത്തുമായിരുന്നു. യൂനിഫോം, പാഠപുസ്തകം, ഫിറ്റ്നസ് തുടങ്ങി സ്കൂൾ മുന്നൊരുക്കങ്ങളെക്കുറിച്ച് ഒന്നരമാസം മുമ്പ് സർക്കാർ നിർദേശങ്ങൾ നൽകിയിരുന്നു. പരീക്ഷ കലണ്ടറും പുറത്തിറക്കിയശേഷം അവസാനം മാത്രമാണ് അക്കാദമിക് കലണ്ടർ പുറത്തുവിട്ടത്. കൂടിയാലോചനകളില്ലാതെ സർക്കാർ ഏകപക്ഷീയമായി നിലപാടെടുക്കുകയാണെന്ന് അധ്യാപകർ കുറ്റപ്പെടുത്തുന്നു. അധ്യയനവർഷം നീട്ടുന്നതുകൊണ്ട് അധ്യാപകരുടെ ജോലിഭാരം വർധിക്കുന്നില്ല. എന്നാൽ, പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകളുണ്ട്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പ്രൈമറിയിൽ ഒരു അധ്യയനവർഷത്തിൽ 800 മണിക്കൂറും ഹൈസ്കൂളിൽ 1000 മണിക്കൂറും മതി. നിലവിൽ പ്രൈമറിയിൽ 800 മണിക്കൂറിലധികം കിട്ടുന്നതിനാൽ ശനിയാഴ്ച പ്രവൃത്തിദിവസമാക്കേണ്ടതില്ല. എന്നാലും പ്രൈമറിക്കും ഹൈസ്കൂളിനും ഒരേ പോലെയാണ് പ്രവൃത്തി ദിനങ്ങൾ നിശ്ചയിക്കുന്നത്. അക്കാദമിക് കലണ്ടര്‍ പ്രകാരം പ്രൈമറി, ഹൈസ്കൂള്‍ -210, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി -221, ഹയര്‍ സെക്കന്‍ഡറി -192 എന്നിങ്ങനെയാണ് അധ്യയനദിവസങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: ശനിയാഴ്ച അധ്യയനദിനമാക്കാനും സ്കൂൾ മധ്യവേനലവധിക്ക് അടക്കുന്നത് ഏപ്രിലിലേക്ക് നീട്ടാനുമുള്ള തീരുമാനത്തിൽ ഉറച്ച് വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനമാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സി.പി.എം അനുകൂല കെ.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ രംഗത്ത് വന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച അധ്യയനദിനം ആക്കുന്നതിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സന്തോഷമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.