കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവം മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമെന്ന് വെളിപ്പെടുത്തുന്ന സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.
പി.കെ.ശ്രീമതിയും അനുപമയും പരസ്പരം സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചിരുന്നതായി പി.കെ ശ്രീമതിയുടെ ശബ്ദരേഖയിലുണ്ട്.അവരുടെ കുടുംബ കാര്യം അവര്‍ പരിഹരിക്കട്ടെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയെന്നും ശ്രീമതി അനുപമയോട് പറഞ്ഞു.
പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കുഞ്ഞിനെ കണ്ടെത്താൻ സഹായം തേടിയാണ് അനുപമ പി.കെ ശ്രീമതിയെ വിളിക്കുന്നത്. ''പക്ഷെ പ്രശ്നം ചർച്ചയ്ക്ക് എടുക്കുന്നില്ല, ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചു. മുഖ്യമന്ത്രി പറഞ്ഞു, അവർ ആ കുട്ടിയുടെ അച്ഛനും അമ്മയുമാണ്. അവർ തന്നെ അത് ചെയ്യട്ടെ, നമുക്ക് അതിൽ റോളില്ല.ഞാൻ ഇനി സംസാരിക്കാൻ ആരുമില്ല. എല്ലാരോടും സംസാരിച്ചു.'' എന്നാണ് പി.കെ ശ്രീമതി പറയുന്നത്.
''കോടിയേരിയോടും വിജയരാഘവനോടുമെല്ലൊം സംസാരിച്ചു. പരാതി ചർച്ചയ്ക്ക് എടുക്കണമെന്ന് പറഞ്ഞിരുന്നു. കമ്മിറ്റിയിൽ കോടിയേരി വരാതെ എനിക്ക് പറയാൻ പറ്റില്ല. കത്ത് എടുക്കേണ്ടയാൾ വിജയരാഘവൻ ആയതുകൊണ്ടാണ് മുഖ്യമന്ത്രി ഇരിക്കുന്ന കമ്മിറ്റിയിൽ കത്തെടുക്കാനുള്ള അധികാരം എനിക്ക് അല്ല. കത്ത് എടുത്തിട്ട് വേണം സംസാരിക്കാൻ. പക്ഷെ ആ കത്ത് ഇതുവരെ എടുത്തില്ലെന്നും ശ്രീമതി അനുപമയോട് ഫോണിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.