നെടുങ്കണ്ടം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടും ഇടുക്കി ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട്. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്‍റോളം സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്‍നാടന്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയതിന് പിന്നാലെയാണ് ഈ കണ്ടെത്തല്‍ റവന്യൂ വിഭാഗവും ശരിവെച്ചത്. മൂന്ന് ആധാരങ്ങളിലായി ഒരു ഏക്കര്‍ 21 സെന്‍റ് സ്ഥലം വാങ്ങിയെന്നായിരുന്നു കുഴല്‍നാടന്‍റെ മൊഴി.
എന്നാല്‍, വില്ലേജ് സർവേയര്‍ സ്ഥലം അളന്ന ഘട്ടത്തില്‍ പട്ടയത്തിലുള്ളതിനെക്കാള്‍ സര്‍ക്കാര്‍ വക 50 സെന്‍റ് അധിക ഭൂമി കുഴല്‍നാടന്‍റെ പക്കലുള്ളതായാണ് കണ്ടെത്തല്‍. ചിന്നക്കനാലിലെ മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഭൂമി കൈയേറ്റവുമായി ബന്ധെപ്പട്ട് തുടര്‍നടപടി ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മുമ്പ് വിജിലന്‍സ് വിഭാഗം ഉടുമ്പന്‍ചോല ലാൻഡ് റവന്യൂ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഴല്‍നാടൻ 50 സെന്‍റ് പുറമ്പോക്ക് ഭൂമി കൈയേറി മതില്‍ നിർമിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്‍റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. കലക്ടറുടെ നിർദേശപ്രകാരമാകും തുടര്‍ നടപടി ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.