തിരുവനന്തപുരം: ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള ബൃഹത് പദ്ധതിക്ക് റവന്യൂ വകുപ്പ് രൂപം നല്‍കിയതായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് അറിയിച്ചു. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എല്ലാ ജില്ലയിലും പട്ടയ മേളകള്‍ നടത്തി ആദ്യഘട്ട പട്ടയ വിതരണം പൂര്‍ത്തിയാക്കും. രണ്ടാംഘട്ട വിതരണം മേയ് മാസത്തിനകം നടത്തും.
റവന്യൂമന്ത്രി വിളിച്ചുചേര്‍ത്ത കലക്ടര്‍മാരുടെ യോഗം പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തി. വര്‍ഷങ്ങളായി സംസ്ഥാനത്തെ ലാൻഡ് ട്രൈബ്യൂണലുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കും. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് തഹസില്‍ദാര്‍ ഉള്‍പ്പെടെ ജീവനക്കാരെ അടിയന്തരമായി നിയമിക്കാന്‍ മന്ത്രി നിർദേശം നല്കി.
ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ച 7693.2 ഹെക്ടര്‍ ഭൂമിയില്‍ ബാക്കിയുള്ളത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കണം. 1977 ജനുവരി ഒന്നിനു മുമ്പ് ഭൂമി കൈവശമുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്കുന്ന പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മിച്ചഭൂമി ഏറ്റെടുക്കുന്നതിന് കോടതികളിലുള്ള കേസുകളില്‍ തീര്‍പ്പാക്കാനും ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വിതരണം െചയ്യുന്നതിനും നടപടി കാലതാമസമില്ലാതെ സ്വീകരിക്കും.
1964, 1995 ചട്ടങ്ങള്‍ പ്രകാരം ഗ്രാമ-നഗര പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കും. സര്‍ക്കാര്‍ ഭൂമിയുടെ സംരക്ഷണത്തിന് പ്രാമുഖ്യം നല്കാന് കലക്ടര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് നടപടി തുടരും. കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ എല്ലാ ജില്ലയിലും പ്രവര്‍ത്തനം ഊര്‍ജിതമാക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഭൂമികളുടെ പാട്ടം പൂര്‍ണമായും പിരിച്ചെടുക്കാനും പാട്ട ഭൂമിയുടെ പട്ടിക തയാറാക്കാനും യോഗം തീരുമാനിച്ചു. മൂന്നു മാസത്തിനുള്ളില്‍ പട്ടിക തയാറാക്കും. സര്‍ക്കാറിലേക്ക് എത്തേണ്ട നികുതി പൂര്‍ണമായും പിരിച്ചെടുക്കും. ക്വാറികളില്‍നിന്നും ഈടാക്കാനുള്ള പാട്ടം, റോയല്‍റ്റി എന്നിവ സംബന്ധിച്ച് പരിശോധന നടത്തി പൂര്‍ണമായി പിരിച്ചെടുക്കാനും മന്ത്രി നിര്‍ദേശം നല്കി. റവന്യൂ ഓഫിസുകള്‍ ജനസൗഹൃദമല്ലെന്ന ആക്ഷേപം യോഗം ചര്‍ച്ച ചെയ്തു. ജോലിയില്‍ വീഴ്ച വരുത്തുന്നവരും ധിക്കാരപൂര്‍വം പെരുമാറുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഡിജിറ്റലൈസേഷന് പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ വിപുലമായ റവന്യൂ പോര്‍ട്ടല്‍ സജ്ജമാക്കും.യോഗത്തില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷണര്‍, ജോയൻറ് കമീഷണര്‍, ലാൻഡ് ബോര്‍ഡ് സെക്രട്ടറി, സര്‍വേ ഡയറക്ടര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.