തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍നിശ്ചയിക്കാൻ തീരുമാനിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. ഉന്നതതല യോഗത്തില്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, അഡീഷനൽ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും:
ആറുവരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാലുവരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എം.സി റോഡ്, നാലുവരി സംസ്ഥാന പാത എന്നിവയിൽ 90 (85), മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളില്‍ 50 (50) എന്നിങ്ങനെയാണ് ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി.
ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ്-മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക് ആറുവരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാലുവരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എം.സി റോഡ്, നാലു വരി സംസ്ഥാന പാത എന്നിവയിൽ 85 (65), മറ്റു സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളില്‍ 50 (50) എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് ആറുവരി, നാലുവരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാലുവരി സംസ്ഥാന പാതകളിലും 70 (65) മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) മറ്റ് റോഡുകളിൽ 60 (60) നഗര റോഡുകളില്‍ 50 (50) എന്നിങ്ങനെ നിജപ്പെടുത്തും.
സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാല്‍ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍നിന്ന് 60 ആയി കുറക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.