ആലപ്പുഴ: വിത മുതൽ കൊയ്ത്തും സംഭരണവും വരെ നെൽകർഷകർ നേരിടുന്ന ആവലാതികൾക്കും ആശങ്കകൾക്കും സർക്കാർ മുന്നാട്ടുവെക്കുന്ന പരിഹാര മാർഗങ്ങളിൽ പ്രതീക്ഷയർപ്പിച്ച് നെൽകർഷകർ.
സർക്കാർ വാഗ്ദാനങ്ങൾ നടപ്പായാൽ തങ്ങളുടെ പ്രതീക്ഷകൾ ഇനി പതിരാവില്ലെന്നാണ് കർഷകർ കരുതുന്നത്. പുഞ്ചക്കൊയ്ത്തിന് മെതി യന്ത്രങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ പഞ്ചായത്ത് തല അവലോകന സമിതി, നെല്ല് സംഭരണത്തിന് ദ്രുത പ്രതികരണ സേന, സംഭരണ വ്യവസ്ഥകളിൽ ഇളവ്, സംഭരിച്ച നെല്ലിന്റെ പണം 15 ദിവസത്തിനകം കർഷകന് ലഭ്യമാക്കും തുടങ്ങിയവയാണ് മന്ത്രിമാർ നൽകിയ വാഗ്ദാനങ്ങൾ.
കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷമത പരിശോധിക്കാൻ ഈ മേഖലയിൽ എൻജിനീയറിങ് വൈദഗ്ധ്യമുള്ളവരുടെ പ്രത്യേക സംഘത്തെ കുട്ടനാട്ടിൽ നിയോഗിക്കും. കർഷകർ ആവശ്യപ്പെടുന്നിടത്തെത്തിയും അല്ലാതെയും യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തും. ഈർപ്പത്തിന്റ അളവ് മൂലം കിഴിവ് വരുത്തുന്ന പ്രശ്നം പരിഹരിക്കാൻ പരാതി നൽകുന്ന കർഷകരുടെ പാടശേഖരങ്ങളിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്ന വാഗ്ദാനവും കൃഷി മന്ത്രി പി. പ്രസാദും സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലും കുട്ടനാട് സന്ദർശിച്ച വേളയിൽ കർഷകർക്ക് നൽകിയിട്ടുണ്ട്. പാടശേഖരങ്ങൾ മില്ലുകാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മില്ലുകാരുമായി ചർച്ച നടത്തും.
കർഷകരുടെ ആശങ്കങ്ങൾ അവതരിപ്പിച്ച് ആവശ്യമായ പരിഹാരം കാണും. നെല്ല് സംഭരിച്ച് എത്രയും വേഗം പണം കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നെല്ല് സംഭരിച്ച് ഏഴ്, എട്ട് മാസം കഴിഞ്ഞാണ് സംസ്ഥാന സർക്കാറിന് അതിന്റെ പണം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നത്. 1,266 കോടി രൂപ കേന്ദ്രം ഈ ഇനത്തിൽ നൽകാനുണ്ട്. നെല്ല് സംഭരിച്ച് അരിയാക്കി, അരി റേഷൻ കടയിൽ എത്തി, വിതരണം നടന്ന്, അരി വാങ്ങിയതിന്റെ കണക്ക് ഡൽഹിയിൽ എത്തി അതിൽ പരിശോധനയും കൃത്യതയും വരുത്തിയ ശേഷമാണ് കേന്ദ്രം പണം അനുവദിക്കുന്നതെന്നാണ് മന്ത്രിമാർ പറയുന്നത്. പി.ആർ.എസ് വായ്പയുമായി ബന്ധപ്പെട്ട് ബാങ്കുകളുമായി ചർച്ച നടത്തി കർഷകർ നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുമെന്നും അവർ പറയുന്നു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ, സംഭരണം, കിഴിവ് തുടങ്ങി ഏതു പ്രശ്നവും ടോൾഫ്രീ നമ്പർ വഴി അറിയിക്കാൻ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്. കൃഷി മന്ത്രിയുടെ ഓഫിസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും ഇത് പ്രവർത്തിക്കുക. ഏതെങ്കിലും ഉദ്യോഗസ്ഥർ മില്ലുകൾക്ക് അനുകൂലമായോ കർഷകരുടെ താൽപര്യങ്ങൾക്ക് എതിരായോ പ്രവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കൃഷി മന്ത്രിയുടെ മുന്നറിയിപ്പ്.
പുഞ്ചക്കൊയ്ത്തിന് സമയബന്ധിതമായി പ്രവർത്തന ക്ഷമതയുള്ള കൊയ്ത്ത്-മെതി യന്ത്രങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് പഞ്ചായത്തുതല അവലോകന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ശതമാനത്തിലേറെ വിളവ് നഷ്ടപ്പെടാതെയും മൂന്നു ശതമാനത്തിലേറെ ധാന്യത്തിന് കേടുപാടുകൾ സംഭവിക്കാതെയും നെല്ല് കൊയ്ത് നൽകുന്നതിന് കൊയ്ത്ത് യന്ത്രത്തിന്റെ ഏജന്റുമാർ/ഉടമകളുമായി കരാർ വച്ച് പാടശേഖര സമിതികൾ കൊയ്ത് സമയബന്ധിതമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൊയ്ത്ത് യന്ത്രത്തിന്റെ ടാങ്ക് നിറയാൻ എടുക്കുന്ന സമയം 21 മിനിട്ടിൽ കൂടരുത്. കരപ്പാടങ്ങളിൽ കൊയ്ത്ത് യന്ത്രത്തിന്റെ പരാവധി വാടക 2000 രൂപയായും കായൽ നിലങ്ങളിൽ പരമാവധി 2100 രൂപയായും നിജപ്പെടുത്തി.
നെല്ല് സംഭരണത്തിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ യാഥാസമയം പരിഹരിക്കുന്നതിന് (ദ്രുത പ്രതികരണ സേന) റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് രൂപവത്കരിച്ചിട്ടുണ്ട്. നിലവിലെ സംഭരണ വ്യവസ്ഥയിൽ ഇളവുവരുത്തി കർഷകർ ഉൽപാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. 2,200 കിലോ, അഞ്ച് ഏക്കർ എന്ന മാനദണ്ഡം അയവു ചെയ്ത് കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കാനുള്ള നിർദേശമാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൃഷി വകുപ്പും നൽകിയിട്ടുള്ളത്. ബന്ധപ്പെട്ട കൃഷി ഓഫിസർ ശുപാർശ ചെയ്യുന്നതനുസരിച്ചാകും വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്. കൃഷി ഓഫിസർമാർ കൃഷിയിടം സന്ദർശിക്കാനും വിളവ് തിട്ടപ്പെടുത്താനും തയാറാകുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന യഥാർഥ പ്രശ്നം.
പകരം ഉൽപാദനം സംബന്ധിച്ച് സ്റ്റാറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ച് സംഭരണം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. അത് പരിഗണിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.