ചങ്ക് പറിച്ച് കാണിക്കുന്നവരോടും ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ...

കോഴിക്കോട്: വയനാട് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ നാമനിർദേശപത്രിക സമർപ്പണത്തിന് ശേഷമുള്ള റോഡ് ഷോയ്ക്ക ിടെ പരിക്കേറ്റ മാധ്യമപ്രവർത്തകനെ പരിചരിച്ച രാഹുലിനെ‍യും പ്രിയങ്കയെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സ ന്ദേശങ്ങളും വലിയ ചർച്ചകളുമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.

പരിക്കേറ്റ മാധ്യമ പ്രവർത്തകൻ റിക്സൺ എടത്തി ലിന് പ്രഥമശ്രുശൂഷ നൽകുകയും അദ്ദേഹത്തിന്‍റെ ഷൂസ് അഴിച്ചും കൈയിൽ പിടിച്ചും നിന്ന പ്രയങ്കക്കെതിരെ വിമർശനവും ഉയ ർന്നിരുന്നു. ഇത്തരം ആരോപണങ്ങൾക്കിടെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി റിക്സൺ രംഗത്തെത്തി. "ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ..." എന്ന തലക്കെട്ടിലാണ് തന്‍റെ അനുഭവങ്ങൾ റിക്സൺ വിവരിക്കുന്നത്.

ഫേസ്ബുക്ക് പോസ ്റ്റിന്‍റെ പൂർണരൂപം:
ചങ്ക് പറിച്ച് കാണിക്കുന്ന എല്ലാവരോടും ചെമ്പരത്തി പൂവാണോ എന്ന് ചോദിക്കരുതേ...

കഴിഞ്ഞ രണ്ട് ദിവസം എവിടെയാരുന്നു ഇവൻ എന്നാകും നിങ്ങൾ അദ്യം ചിന്തിക്കുക... ഇപ്പോഴും കടുത്ത വേദനയുണ്ട് ഈ ക ുറിപ്പ് ഇപ്പോൾ ഇട്ടില്ലേൽ അത് ശരിയാവില്ലെന്ന് തോന്നി. വീഴ്ച്ചയിൽ വലത് കൈപത്തിക്ക് പൊട്ടൽ ഉണ്ട് തോളെല്ലന്നും പരിക്കുണ്ട്. ഇന്ന് അതിരാവിലെയാണ് വയനാട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.

വണ്ടിയിൽ നിന്നു വീണതിന് ശേഷം ഒത്തിരി കോളുകൾ വന്നു. പ്രിയപ്പെട്ടവരുടെ സ്നേഹത്തിനും കരുതലിനും നന്ദി. വിളിച്ചവരിൽ ചിലർക്ക് അറിയേണ്ടിയിരുന്നത് എന്‍റെ ഷൂസിനെ പറ്റിയാണ് ചിലർക്ക് വീഴ്ച്ച 'ഒറിജിനൽ' ആയിരുന്നോ എന്ന്. മറ്റ് ചിലർക്ക് എന്‍റെ രാഷ്ട്രീയവും...

എനിക്ക് വ്യക്തമായ രാഷ്ട്രീയബോധം ഉണ്ടെന്ന് മാത്രമല്ല പ്രവർത്തിച്ചിട്ടുമുണ്ട്. പക്ഷെ അത് ഒരിക്കലും എന്‍റെ തൊഴിലിൽ ഞാൻ കലർത്തിയിട്ടില്ല, കലർത്താൻ ഉദ്ദേശിക്കുന്നുമില്ല. ഈ അപകടവുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രോളുകൾ പ്രചരിക്കുന്നുണ്ട്. അത് അവരുടെ കഞ്ഞിയുടെയും രാഷ്ട്രിയത്തിന്‍റെയും കാര്യം. അതിലും എനിക്ക് കുഴപ്പമില്ല. ഞാൻ കണ്ടതും അനുഭവിച്ചതുമായ കുറച്ച് കാര്യം ഞാൻ പറയാം.

വ്യാഴാഴ്ച്ച രാത്രിയോടെയാണ് രാഹുൽ ഗാന്ധിയുടെ നോമിനേഷൻ സമർപ്പണവുമായ് ബന്ധപ്പെട്ട് വയനാട്ടിലെത്തിയത്. വ്യാഴാഴ്ച നല്ല തിരക്കുള്ള ദിവസമായിരുന്നു. ആദ്യ ബുള്ളറ്റിൻ മുതൽ കലക്ടറേറ്റിന് മുന്നിൽ നിന്ന് ലൈവ് നൽകി. പതിനൊന്ന് മണിയോടെയാണ് മാധ്യമങ്ങൾക്കായ് ഒരുക്കിയ മിനി ടെമ്പോ വാനിലേക്ക് കയറിയത്. നിന്ന് തിരിയാൻ ഇടമില്ലായിരുന്നു, എങ്കിലും അതിൽ കയറിയാൽ നല്ല വിഷ്വലും ഒരു പി.റ്റു.സിയും ചെയ്യാൻ പറ്റുമെന്ന് തോന്നി.

ദൂരം കൂടുതൽ ഉള്ളത് കൊണ്ട് വാളണ്ടിയേഴ്സ് വണ്ടിയുടെ ഇരുവശത്തും തുങ്ങി നിന്നാണ് റോഡ് ക്ലിയർ ചെയ്തത്. പതിയേ ഞാൻ ഇരുസൈഡിലും ഇരുന്ന് കമ്പികൾ കൊണ്ടുള്ള ബാരിക്കേഡിന്‍റെ മുകളിൽ സ്ഥാനമുറപ്പിച്ചു. യാത്രയുടെ ആദ്യ അര മണിക്കൂർ ശേഷം അവിടെയിരുന്നാണ് ലൈവ് നൽകാൻ ശ്രമിച്ചത് എന്നാൽ ജാമറിന്‍റെ പ്രശ്നം കാരണം ഒന്നും നടന്നില്ല.

ഹമ്പുകൾ കേറുമ്പോൾ ഉണ്ടാരുന്ന പ്രശ്നങ്ങൾ ഒഴിച്ച് സേഫ് ആയിരുന്നു ആ ഇരിപ്പ്. റോഡ്‌ ഷോ തീർന്ന ശേഷം ഹെലിപ്പാടുള്ള ഗ്രൗണ്ടിലേക്ക് ആദ്യം കയറിയത് ഞങ്ങളുടെ വണ്ടിയാണ്. വണ്ടി തിരിഞ്ഞതും കൂറെ ആളുകൾ ഒരു സൈഡിലേക്ക് തിരിഞ്ഞു, തൂങ്ങി കിടന്നവർ കൂടുതൽ ബലം നൽകി ബാരിക്കേഡ് പൂർണമായി തകർന്ന് ഏറ്റവും മുകളിൽ ഇരുന്ന ഞാൻ താഴെ വീണു.

വണ്ടി അപ്പോഴും മൂവിങ്ങില്ലാരുന്നു. അത്ര ഉയരത്തിൽ നിന്ന് നെഞ്ചും വലതു കൈപത്തിയും ഇടിച്ച് വീണ എനിക്ക് ഒരു മരവിപ്പ് മാത്രായിരുന്നു. ആരൊക്കെയോ ദേഹത്തേക്ക് വീണു. പെട്ടെന്നു തന്നെ എല്ലാവരും ഓടിയെത്തി സഹായിച്ചു. രാഹുലും പ്രിയങ്കയും വന്നതോടെ കാര്യങ്ങൾ വേഗത്തിലായതെന്ന് ഇപ്പോൾ തോന്നുന്നു. അവർ രണ്ടുപേരും ഇടപെട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞങ്ങൾക്ക് ചികിത്സ വൈകുമായിരുന്നു എന്ന് മാത്രമല്ല, ആ തിരക്കിനിടയിൽ കൂടി ആശുപത്രിയിൽ എത്തുവാൻ പോലും സാധിക്കില്ലായിരുന്നു.

എന്‍റെ ഷൂ കാലിൽ നിന്ന് ഊരിയതും ഷർട്ടിന്‍റെ ബട്ടൺ അഴിച്ചതും പ്രിയങ്ക ഗാന്ധിയാണ്. അതിനെ അവരവരുടെ സംസ്കാരവും വളർന്ന സാഹചര്യവും അനുസരിച്ച് എങ്ങനെയും വ്യഖ്യാനിക്കാം. എനിക്ക് അത് ഒരു ഫസ്റ്റ് എയ്ഡ് ആയിരുന്നു. അപകടം പറ്റിയ ആൾക്ക് പരമാവധി ശുദ്ധവായു ലഭ്യമാക്കാനാണ് അവർ ശ്രമിച്ചത്.

എന്നാൽ, അവർ എന്‍റെ ഷൂ നഷ്ടപ്പെടാതെ കയ്യിൽ പിടിച്ചിരിക്കുന്ന വീഡിയോ ഞാൻ കണ്ടു. ആ പ്രവർത്തിക്ക് പക്ഷേ ഫസ്റ്റ് എയ്ഡിനെ പറ്റിയുള്ള അറിവ് മാത്രം പോരെന്ന് തോന്നുന്നു. അതിന് മനുഷ്യത്വമുള്ള ഒരു മനസ് കൂടി വേണം. അത് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഉണ്ട് എന്നാണ് എന്‍റെ അനുഭവത്തിലൂടെ മനസിലായത്.

ഒരു നേതാവിന്‍റെ ഗുണമാണത്. അവർക്കു വേണമെങ്കിൽ തിരിഞ്ഞു പോലും നോക്കാതെ, അല്ലെങ്കിൽ അണികൾക്ക് നിർദ്ദേശം നൽകി ഹെലികോപ്റ്ററിൽ കയറി പോകാമായിരുന്നു. അവരത് കാണിച്ചില്ലല്ലോ. അതിനെയാണ് കരുണ, കരുതൽ, മനുഷ്യത്വം, നേതൃഗുണം എന്നൊക്കെ വിളിക്കുന്നത്. ഇത് പറഞ്ഞതു കൊണ്ട് എന്നെ കോൺഗ്രസ് പാളയത്തിൽ കെട്ടണ്ട കാര്യമില്ല.

രണ്ടു കാര്യങ്ങൾ കൂടി, നമ്മളെല്ലാവരും ഫസ്റ്റ് എയ്ഡ് എന്താണെന്ന് പഠിക്കുന്നത് നല്ലതായിരിക്കും. പിന്നെ അപകടത്തിൽ പെട്ടയാളെ ആശുപത്രിയിലെത്തിക്കുമ്പോൾ അവരുടെ ബിലോങ്ങിഗ്സ് കൂടി എടുത്ത് സുരക്ഷിതമായി ഏൽപ്പിക്കുവാനും ശ്രദ്ധിക്കണത് നന്നാവും.

Full View
Tags:    
News Summary - Rickson Edathil Remembet Priyanka Gandhi's Help -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.