കോഴിക്കോട്: വിവരാവകാശ വിഷയത്തിൽ പരസ്പരം പോരടിക്കുന്നതിനിടെ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. മന്ത്രിസഭ ഇതുവരെ എടുത്ത 400റോളം തീരുമാനങ്ങളില്‍ 36 എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് വാതിൽപ്പഴുതിലൂടെ എന്ന പംക്തിയിലെ ലേഖനത്തില്‍ വെളിപ്പെടുത്തുന്നു. വിവരാവകാശം എന്ന നിയമ ശിശുവിനെ ഇരുളറക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ചു കൊല്ലരുതേ എന്ന പ്രാർഥനയാണ് പൊതു സമൂഹത്തിനുള്ളത്. ഈ നിയമത്തിനുവേണ്ടി പൊരുതി വീണ നൂറോളം ആദർശത്തിടമ്പുകളായ രക്തസാക്ഷികളെയെങ്കിലും നമുക്ക് മറക്കാതിരിക്കാം. ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്ന തീരുമാനങ്ങള്‍ ബീഭത്സരൂപം പൂണ്ട് ജനശക്തിയെ കൊത്തിക്കീറുമെന്നും 'ആട് അവ്വക്കരിക്കാക്ക് ഒറ്റ സൈറ്റേ അറിയൂ!' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
ലേഖനത്തിന്‍റെ പൂർണരൂപം:
ഞങ്ങടെ നാട്ടിൽ ഒരു ജനപ്രിയ കഥാപാത്രമുണ്ട്. ഇടയ്ക്കോടൻ അവ്വക്കർ. തൊഴിൽ കശാപ്പായതു കൊണ്ട് നാട്ടുകാരിട്ട പേര് ആട് അവ്വക്കരിക്കാ. പരമരസികൻ, അറവുമാടുകളുടെ കഴുത്തിൽ കത്തിവയ്ക്കുമ്പോഴും വേദാന്തിയെപ്പോലെ തമാശകൾ പൊട്ടിക്കും. നിഷ്കളങ്കതയുടെ ആൾരൂപം. ആരുടെ മുഖത്തുനോക്കിയും പറയാനുള്ളത് വെട്ടിത്തുറന്നു പറയും. വിവരാവകാശനിയമം പോലെ തുറന്ന പുസ്തകമായ ജീവിതം.
അവ്വക്കരിക്കക്ക് ഒരുറ്റ ചങ്ങാതിയേയുള്ളു. പ്രൈമറിസ്കൂൾ മാഷായ വാസുപിള്ള. തമ്മിൽ കണ്ടാൽ ആയിരം നാവാണ്. ഒരു ദിവസം തമ്മിൽ കണ്ടപ്പോൾ അവ്വക്കർക്ക് ഒരു സംശയം. കൊച്ചുമോൾക്കുതീരെ സുഖമില്ല. പാവങ്ങൾക്ക് സൗജന്യചികിത്സ നൽകാൻ മന്ത്രിസഭ തീരുമാനിച്ചെന്നു പറഞ്ഞുകേട്ടു. പിള്ളേ അതറിയാൻ എവിടെയാ പോകേണ്ടത്? ചോദ്യം കേട്ടപാടെ വാസുപിള്ള ഒറ്റശ്വാസത്തിൽ പറഞ്ഞു. അതു സൈറ്റി നോക്കിയാമതി അവ്വക്കരേ.
ചങ്ങാതിയുടെ മറുപടികേട്ട് അവ്വക്കരിക്കയുടെ കണ്ണു തള്ളി. ‘അതെങ്ങനെ സൈറ്റി നോക്കിയാൽ മരുന്നുകിട്ടുമോ, നല്ല മൊഞ്ചത്തിപ്പെണ്ണിനെയല്ലേ കിട്ടൂ!’ അനുഭവത്തിൽ നിന്നു പുറത്തുചാടിയ അത്ഭുതത്തോടെയുള്ള ചോദ്യം. തന്റെ അറവുശാലയ്ക്ക് മുന്നിലൂടെ എന്നും പോകുമായിരുന്ന സുന്ദരിക്കുട്ടി സൈനബ തന്നെയും താൻ സൈനബയേയും കണ്ണെറിയുമായിരുന്നു. ‘കണ്ണിലാണെന്‍റെ കരളിനുള്ളിൽ എണ്ണകാച്ചിയ നൊമ്പരം’ പോലുള്ള നാടൻ പ്രണയം. നാട്ടുകാർ ഈ ഒളികണ്ണേറിനെ സൈറ്റ് എന്നു പേരിട്ടതുമാത്രം അവ്വക്കർക്കറിയാം. പിന്നെ സൈറ്റി നോക്കിയാൽ അതു നിക്കാഹിലെത്തുമെന്നുമറിയാം. സൈറ്റി നോക്കിയാൽ കുഞ്ഞിനുമരുന്നു കിട്ടുമെന്ന് പറഞ്ഞാലോ!
വാസുപിള്ളയുടെ മന്ത്രിസഭാ സൈറ്റ് പ്രഭാഷണം കേട്ട അവ്വക്കരിക്കാ പറഞ്ഞു, മതി മതി പിള്ളേ, ഇത് നമ്മുടെ കുട്ടപ്പൻ ഒരേക്കർ സർക്കാർ ഭൂമി വളച്ചുകെട്ടി തണ്ടപ്പേരും പട്ടയവുമായി ആചന്ദ്രതാരേ സന്തതി പ്രവേശേ കൈവശം വച്ചനുഭവിക്കുന്നതെങ്ങനെയെന്നു ചോദിച്ചപ്പോൾ അത് സർക്കാർ ഗസറ്റിൽ നോക്കിയാൽ മതി എന്നു പണ്ടാരോ പറഞ്ഞതുപോലായി! അവക്കരിക്കയുടെ വാക്കുകളിൽ നിസഹായത. ഒന്നാം ക്ലാസും കശാപ്പും മാത്രം അറിയുന്ന ആ പാവത്തിനറിയുമോ സർക്കാർ സൈറ്റ്! ജനതലസ്പർശിയായ ഒരു വിഷയത്തെ മൂടുപടമണിയിക്കുന്നത് സംബന്ധിച്ച് ഇരുളിൽ തപ്പുന്ന പൊതുമനസിന്റെ അനുരണനങ്ങളായിരുന്നു ആട് അവ്വക്കരിക്കയുടെ വാക്കുകൾ…
സർക്കാർ സൈറ്റിൽ തപ്പിയാൽ മന്ത്രിസഭാ തീരുമാനങ്ങളെല്ലാം ലഭിക്കുമെന്നതിന് എന്തുറപ്പ് എന്ന ചോദ്യം വേറൊന്ന്. മന്ത്രിസഭ ഇതുവരെ കൈക്കൊണ്ട നാനൂറിൽപരം തീരുമാനങ്ങളിൽ 36 എണ്ണം ഇനിയും സൈറ്റിലൂടെപ്പോലും വെളിച്ചം കണ്ടിട്ടില്ല. അങ്ങനെ വരുമ്പോഴല്ലേ ആട് അവ്വക്കരിക്കയ്ക്ക് മാത്രമല്ല സംസ്ഥാനത്തെ ഏറ്റവും കരുത്തനായ വിവരാവകാശ പോരാളി ഡി ബി ബിനുവിനുപോലും അടിപതറിപ്പോകുന്നത്. ജനശക്തിയുടെ ബലിഷ്ഠമായ അടിത്തറയിൽ പണിതുയർത്തിയ ഭരണകൂടത്തിന് ജനങ്ങളിൽ നിന്നു മറച്ചുവയ്ക്കാൻ ഒന്നുമുണ്ടാകരുത്. അങ്ങനെ മറച്ചുവയ്ക്കുന്ന തീരുമാനങ്ങളാണ് ആറന്മുളകളായി ബീഭത്സരൂപം പൂണ്ട് ജനശക്തിയെ കൊത്തിക്കീറുക.
അത് ‘തത്വത്തിൽ തീരുമാനമായ ശബരിമല’ വിമാനത്തിനും ബാധകം. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ അവകാശവാദവും നഷ്ടപരിഹാരവാദവുമായി ഒരു ബിഷപ്പ് രംഗത്തിറങ്ങാൻ പോകുന്നുവെന്നു കേട്ടു. മുഖ്യമന്ത്രി അധികാരമേറ്റയുടൻ മൂന്നറിയിപ്പു നൽകിയ വകയിലുള്ള അവതാരങ്ങളിൽപ്പെടുന്ന ചാനൽ ബന്ധമുള്ള ഒരാൾ ബിഷപ്പിന്‍റെ കങ്കാണിപ്പണി തുടങ്ങിക്കഴിഞ്ഞെന്നുമുള്ള ശ്രുതികൾ സത്യമാകാതിരിക്കട്ടെ.
സംഗതികൾ ഇങ്ങനെയിരിക്കെ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ സഹായിക്കണം എന്നപേക്ഷിച്ച് കോടതിയെ തന്നെ സമീപിക്കുന്നത് നിർഭാഗ്യകരമാണ്. ഇടതുപക്ഷത്തെ അതികായന്മാരായ സി.കെ ചന്ദ്രപ്പനും വർക്കല രാധാകൃഷ്ണനും ലോക്സഭയിൽ ഈ ജനപക്ഷനിയമത്തിന്റെ സൃഷ്ടിക്കായി നടത്തിയ പോരാട്ടങ്ങൾ അവിസ്മരണീയോജ്ജ്വലമായിരുന്നു. ആ നിയമ ശിശുവിനെ ഇരുളറയ്ക്കുള്ളിലിട്ട് ശ്വാസംമുട്ടിച്ചു കൊല്ലരുതേ എന്ന പ്രാർഥനയാണ് പൊതുസമൂഹത്തിനുള്ളത്, ഈ നിയമത്തിനുവേണ്ടി പൊരുതി വീണ നൂറോളം ആദർശത്തിടമ്പുകളായ രക്തസാക്ഷികളെയെങ്കിലും നമുക്ക് മറക്കാതിരിക്കാം.
നമ്മുടെ നാട്ടിൽ ചില സ്ഥിരം കലാപരിപാടുകളുണ്ട്. ചാത്തനേറ്, വെള്ളത്തിലാശാൻ എന്നീ നമ്പരുകൾ. നാട്ടുകാരെയാകെ ഭീതിയിലാഴ്ത്തി പരിസരങ്ങളിൽ മോഷണം നടത്താനുള്ള ഒരുതരം തസ്കര വിദ്യയാണ് വെള്ളത്തിലാശാൻ. രാത്രികാലങ്ങളിൽ ഒരു പ്രദേശത്തെ പൊതുകുളത്തിലിറങ്ങി മുങ്ങിയും പൊങ്ങിയും വഴിപോക്കരെ പേടിപ്പിക്കും. ഈ വെള്ളത്തിലാശാനെ ഭയന്ന് ജനം സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാതാകും. കള്ളനു പിന്നെ ആ പ്രദേശത്ത് കവർച്ചയുടെ ഒരു പൂക്കാലമാണ്.
മറ്റു ചിലർ ചാത്തന്മാരാണ്. തനിക്കും ഇഷ്ടമില്ലാത്തവന്റെ വീടിനു നേരെ മരച്ചില്ലകളിൽ ഒളിച്ചിരുന്നു കല്ലെറിഞ്ഞു രസിക്കുക. ഈ ചാത്തനേറുകാരന് വികലമായ മാനസികാവസ്ഥയാണുള്ളത്. സമൂഹത്തിൽ നിന്നു ബഹിഷ്കൃതനാകുമ്പോൾ ഉണ്ടാകുന്ന മാനസികവിഭ്രാന്തിയിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളിൽ ചാത്തൻ ചിലപ്പോൾ സ്വന്തം വീടിനുനേരേയും കല്ലെറിഞ്ഞു രസിക്കും. സമൂഹമാധ്യമങ്ങൾ അരങ്ങുവാണതോടെ അഭിനവചാത്തന്മാർ ഫേഫ്ബുക്ക് മരച്ചില്ലകളിൽ പതിയിരുന്നാണ് കല്ലേറ് നടത്താറ്.
അത്തരം ഒരു ചാത്തൻ ഈയിടെ ദുബൈയിൽ നടത്തിയ അഭിമുഖ കല്ലേറ് പതിച്ചത് തന്‍റെ തറവാടുവക പത്രസ്ഥാപനത്തിനുനേരെ. തിരിച്ചു വിമാനമിറങ്ങിയതോടെ ഒരു ‘ബാലൻസിങ് ആക്ട്’ കൂടി വേണമല്ലോ! ചാത്തനേറുനേരേ ഇടതുപക്ഷ തറവാട്ടിലേക്കും സി.പി.ഐ ഭവനത്തിനും നേരേയായി. ഇനി ഈ ചാത്തൻ വെള്ളത്തിലാശാനുമാവും. ജനം കൈയ്യോടെ പിടികൂടുന്നതുവരെ അങ്ങനെ അർമാദിച്ചു നടക്കട്ടെ. ഈ ഫേസ്ബുക്ക് ചാത്തന്റെ ഒരു ചക്രവർത്തി ചാത്തനെ കണ്ടതല്ലേ കേരളം. സാക്ഷാൽ ചെറിയാൻ ഫിലിപ്പിനെ! ഇപ്പോൾ ഈ ഫേസ്ബുക്ക് കിരീടപതിയെ മഷിയിട്ടു നോക്കിയിട്ടും കാണാനില്ല. കലികാല വിശേഷമായി ഇത്തരം ചാത്തന്മാരെയും വെള്ളത്തിലാശാന്മാരേയും സഹിക്കുകയല്ലേ നിവൃത്തിയുള്ളൂ. ഈ ശല്യങ്ങളൊന്നും നിതാന്ത പ്രതിഭാസങ്ങളല്ല എന്നു സമാധാനിച്ച്.
ചിന്നമ്മ ശശികല മുഖ്യമന്ത്രിയാകാൻ പട്ടുചേല ചുറ്റി പൊട്ടുതൊട്ടുനിന്നപ്പോൾ സുപ്രിം കോടതി വിധി കർണാടകയിലെ പരപ്പന അഗ്രഹാര ജയിലിലേക്കുള്ള വഴിപറഞ്ഞു കൊടുക്കലായി! ‘ഒന്നിന്നുമില്ല നില ഉന്നതമായകുന്നും എന്നല്ല ആഴിയുമൊരിക്കൽ നശിക്കുമോർത്താൽ’ എന്ന് ചിലർ വേദാന്തികളെപ്പോലെ പാടി. ‘ഉലകം വെല്ലാൻ ഉഴറിയ നീയോ, വിലപിടിയാത്തൊരു തലയോടായി’ എന്ന് ചില ദ്രാവിഡമക്കളുടെ സിംഹേന്ദ്രമധ്യമരാഗത്തിലുള്ള ആത്മവിദ്യാലയപ്പാട്ടു പാടിയപ്പോൾ ചിന്നമ്മ പ്രഖ്യാപിച്ചു. ‘ശിങ്കം ഒരുനാളും കൂട്ടായി വരാത്, അത് ഒറ്റയ്ക്കു താൻ വരുകിറേൻ’. താനൊരു സിംഹികയെന്ന് ദ്രാവിഡമക്കളെ ഓർപ്പെടുത്തൽ.
പക്ഷേ ജയിലിലേക്ക് പോകുംമുമ്പ് ചിന്നമ്മ മറീന ബീച്ചിൽ വലിയമ്മ ജയലളിതയുടെ ശവകുടീരത്തിൽ പ്രണാമമർപ്പിച്ച ശേഷം ആ പൂഴിത്തറയിൽ മൂന്നു പ്രാവശ്യം ആഞ്ഞു തല്ലിയപ്പോൾ ഇതെന്തു കൂത്തപ്പാ എന്നു ജനം അത്ഭുതപ്പെട്ടു. അമ്മയുടെ ബലികുടീരത്തിൽ ശല്യം ചെയ്യുന്ന കൊതുകകളെയാട്ടിയതെന്ന് ചില ഫെയ്സ്ബുക്ക് ചങ്ങാതിമാർ. അതല്ല! നീയിവിടെ സുഖമായി പൂവും മൂടി ഉറങ്ങിക്കോ, എനിക്കുറങ്ങാൻ അഴികൾക്കുള്ളിലെ സിമന്‍റുതറ’ എന്നു പറഞ്ഞ് നിലംതല്ലിയതാണെന്ന് വേറൊരുപക്ഷം.
തിരക്കിയപ്പോഴല്ലേ തമിഴ്പണ്ഡിതനായ വി അരശു ചിന്നമ്മയുടെ നിലത്തടിയുടെ ഗുട്ടൻസ് ദേവികയ്ക്ക് പറഞ്ഞുതന്നത്. ചോള-പാണ്ഡ്യയുദ്ധത്തിൽ തോറ്റ പാണ്ഡ്യരാജാവ് പള്ളിപ്പാടി ക്ഷേത്രത്തിലെത്തി നിലത്തടിച്ച് പകരം വീട്ടുമെന്ന് പ്രതിജ്ഞയെടുത്തതിന്റെ തനിയാവർത്തനമായിരുന്നുവത്രേ ജയയുടെ ചങ്കിനിട്ടുള്ള ഇടി! എന്തു പറഞ്ഞാലും രണ്ടു കുവരകുകൊഴുക്കട്ടയും 200 ഗ്രാം ചോറും 50 ഗ്രാം സാമ്പാറുമായി ശശികല ഇനി ജയിലിൽ കഴിയണം. ‘ആനവായിൽ അമ്പഴങ്ങ’ എന്നു കേട്ടിട്ടേയുള്ളു, ഇപ്പോഴാണ് അത് കാണുന്നത്. ശശികലക്കു കണികാണാൻ ഏർപ്പാടാക്കിയിരിക്കുന്നത് മോഷണത്തിനു വേണ്ടി അഞ്ചുപേരെ വിഷം കുത്തിവച്ചുകൊന്ന പെൺശിങ്കത്തെ എതിരേയുള്ള സെല്ലിലും! തലവിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.