കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ നിർമാണത്തിനിടെ ബോംബ് പൊട്ടി ആർ.എസ്.എസുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ യു.എ.പി.എ ചുമത്തി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. സ്ഫോടനത്തിൽ പരിക്കേറ്റ ആർ.എസ്.എസ് പ്രവർത്തകൻ എരഞ്ഞോളി പാലത്തിനടുത്ത കച്ചുമ്പ്രത്ത് താഴെ ശ്രുതി നിലയത്തിൽ വിഷ്‌ണുവി(20)ന്റെ ഒരു കൈപ്പത്തി സ്ഫോടനത്തിൽ പൂർണമായി ചിതറുകയും മറ്റേ കൈപ്പത്തിയിലെ വിരലുകൾ അറ്റുപോവുകയും ചെയ്തിരുന്നു.
അതിർത്തിയിലേയ്ക്ക് കയറ്റി അയക്കാൻ മെയ്ഡിൻ ഇന്ത്യ ബോംബ് നിർമ്മാണത്തിനിടെ രാജ്യ സ്നേഹിയുടെ കൈ തകർന്നു എന്ന് ചാണക ഫാക്റ്ററിയിലെ ക്യാപ്സ്യൂൾ വന്നോ എന്ന് റിജിൽ പരിഹസിച്ചു. സംഭവത്തിൽ പ്രതിയായ ആർ.എസ്.എസ് തീവ്രവാദിക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘി ആയത് കൊണ്ട് വിഷു പടക്കം ഉണ്ടാക്കുമ്പോൾ പൊട്ടിയതാണെന്ന കേസാക്കി പിണറായി പോലീസ് മാറ്റുമോ എന്നും റിജിൽ ആശങ്ക പ്രകടിപ്പിച്ചു.
വിഷുവിനെ മറയാക്കി നിർമിച്ച ബോംബാണ് എരഞ്ഞോളിയിൽ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഏതാനും ദിവസമായി രാത്രികാലത്ത് പ്രദേശത്ത് ശക്തിയായ സ്‌ഫോടനമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വിഷുക്കാലമായതിനാൽ പടക്കം പൊട്ടിക്കുന്നതാണെന്ന് കരുതി ആരും സംശയിച്ചില്ല. വിഷുവിനെ മറയാക്കി നിർമിച്ച ബോംബിന്റെ പരീക്ഷണവും പ്രദേശത്ത് നടന്നതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.
ഗുരുതര പരിക്കേറ്റ വിഷ്ണുവിനെ ആദ്യം മഞ്ഞോടി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും തുടർന്ന് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇയാളുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ചൊവ്വാഴ്ച അർധരാത്രിയാണ് ശക്തിയേറിയ സ്ഫോടനമുണ്ടായത്. വിവരമറിഞ്ഞയുടൻ സംഭവസ്ഥലത്തെത്തിയ പൊലീസ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങളും പൊട്ടാത്ത മറ്റൊരു നാടൻ ബോംബും കണ്ടെടുത്തു. സംഭവസമയം യുവാവ് മാത്രമേ സ്ഥലത്തുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്.
വിഷ്ണു തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നേരത്തെ പൊലീസിനെ ആക്രമിച്ചതും വീടാക്രമിച്ചതുമടക്കം നാലോളം കേസുകളിൽ പ്രതിയായിരുന്നു. സംഭവ സ്ഥലത്ത് ബുധനാഴ്ച ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരുമെത്തി. യുവാവിന്റെ മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശമാണ് എരഞ്ഞോളി പാലവും പരിസരവും. പുറമേ നിന്നുള്ള ആളുകൾ രാത്രികാലത്ത് കച്ചുമ്പ്രത്ത്‌താഴെ ക്യാമ്പ് ചെയ്യുന്നതായി നേരത്തെ വിവരമുണ്ടായിരുന്നു. തലശ്ശേരി എ.എസ്.പി അരുൺ കെ. പവിത്രൻ, സി.ഐ എം. അനിൽ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സി.ഐ എം. അനിലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
അതിർത്തിയിലേയ്ക്ക് കയറ്റി അയക്കാൻ മെയ്ഡിൻ ഇന്ത്യ ബോംബ് നിർമ്മാണത്തിനിടെ രാജ്യ സ്നേഹിയുടെ കൈ തകർന്നു എന്ന് ചാണക ഫാക്റ്ററിയിലെ ക്യാപ്സ്യൂൾ വന്നോ?
RSS തീവ്രവാദിക്ക് എതിരെ UAPA ചുമത്തണം
സംഘി ആയത് കൊണ്ട് വിഷു പടക്കം ഉണ്ടാക്കുമ്പോൾ പൊട്ടിയതാണെന്ന കേസ്സാക്കി പിണറായി പോലീസ് മാറ്റുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.