തലശ്ശേരി: കൊലപാതക രാഷ്ട്രീയത്തിനെതിരായ താക്കീത് കൂടിയാണ് സി.പി.എം പ്രവർത്തകൻ റിജിത്ത് വധക്കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ മുഴുവൻ പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ച വിധി. രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ പോരേയെന്നും എന്തിനാണ് കൊലപാതകമെന്നും വിധി കേട്ടശേഷം റിജിത്തിന്റെ അമ്മ ജാനകി പ്രതികരിക്കുകയും ചെയ്തു.
കൊലപാതകം, വധശ്രമം, അന്യായമായി സംഘംചേരൽ, സംഘം ചേർന്ന് ലഹളയുണ്ടാക്കൽ, തടഞ്ഞുവെക്കൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. പ്രതികൾ ആയുധവുമായി സംഘം ചേർന്നതിന് 148, 149 വകുപ്പുകൾ പ്രകാരവും ശിക്ഷയുണ്ട്.
വീട്ടിലേക്ക് നടന്നുപോവുമ്പോഴായിരുന്നു റിജിത്തിനും സുഹൃത്തുക്കൾക്കുമെതിരെ ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ ആക്രമണം നടത്തിയത്. കുത്തേറ്റ റിജിത്തിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽ പൈപ്പ്, ഉറയോട് കൂടിയ വടിവാൾ എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തിയിരുന്നു.
വളപട്ടണം സി.ഐ ടി.പി. പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 59 രേഖകളും 50 തൊണ്ടിമുതലുകളും അടയാളപ്പെടുത്തുകയും ചെയ്തു. 2018 ഒക്ടോബർ മൂന്നിനാണ് വിചാരണ ആരംഭിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ ഹാജരായി. ഏതാനും ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളും പ്രവർത്തകരും വിധി കേൾക്കാനെത്തിയിരുന്നു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു.
തലശ്ശേരി: ‘മകന്റെ ഘാതകർക്ക് വധശിക്ഷയാണ് പ്രതീക്ഷിച്ചത്. 19 വർഷം ഈ വിധിക്കായി കാത്തിരുന്നു. വിധിയിൽ ആശ്വാസമുണ്ട്. എന്നാൽ, ശിക്ഷകഴിഞ്ഞ് അവർ നാട്ടിൽ വരും. സുഖമായി ജീവിക്കും. പക്ഷേ, എന്റെ മകനെ എനിക്ക് തിരിച്ചു കിട്ടില്ലല്ലോ. ഒരു രാഷ്ട്രീയ പാർട്ടിക്കാരും കൊലക്കത്തി എടുക്കാനും കൊലചെയ്യാനും പാടില്ല. ഒരമ്മക്കും എന്റെ ഗതി വരരുത്’ -ജാനകി വിതുമ്പലോടെ പറഞ്ഞു. കോടതിയിൽനിന്ന് വിധി പ്രസ്താവം കേട്ടപ്പോൾ മകൾ ശ്രീജക്കും ബന്ധുക്കൾക്കുമൊപ്പം പുറത്തെത്തിയ അവർ വിഷമംകൊണ്ട് ഏറെ നേരം കണ്ണീരണിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.